റഫാല്‍ കരാര്‍ യുപിഎ ഉപേക്ഷിച്ചത് മിഷേലിനുവേണ്ടി

Friday 11 January 2019 1:12 am IST
അഗസ്തക്കേസില്‍ പെട്ട രണ്ടു പേരാണ് (ക്രിസ്റ്റിയന്‍ മിഷേലും ഗൈഡോ ഹാസ്‌ചെക്കും) യൂറോഫൈറ്ററിനുവേണ്ടി ഇടനില നിന്നത്. റാഫാലിനെ മറികടന്ന് യൂറോക്ക് കരാര്‍ നേടിക്കൊടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. റെയ്ഡിനിടയില്‍ ഹാസ്‌ചെക്കിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്.

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ പിടിയിലായ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേല്‍ ആദ്യം ചരടുവലിച്ചത് യൂറോ ഫൈറ്ററിനു വേണ്ടി. 126 വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2007 ആഗസ്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. ഫ്രാന്‍സിന്റെ റഫാലും മറ്റ് അഞ്ച് കമ്പനികളുമാണ് കരാറിനായി മത്സരിച്ചത്. 2011ഓടെ മത്സരം രണ്ട് കമ്പനികളിലേക്കായി. ഫ്രാന്‍സിലെ ഡസോള്‍ട്ടിന്റെ റഫാലും യൂറോഫൈറ്ററിന്റെ ടൈഫൂണും. ഒടുവില്‍ നിവൃത്തിയില്ലാതെ യൂറോ ഫൈറ്ററിനെ ഒഴിവാക്കി ഡസോള്‍ട്ടിനെ തെരഞ്ഞെടുത്തു.

അഗസ്തക്കേസില്‍ പെട്ട  രണ്ടു പേരാണ് (ക്രിസ്റ്റിയന്‍ മിഷേലും ഗൈഡോ ഹാസ്‌ചെക്കും) യൂറോഫൈറ്ററിനുവേണ്ടി ഇടനില നിന്നത്. റാഫാലിനെ മറികടന്ന് യൂറോക്ക് കരാര്‍ നേടിക്കൊടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. റെയ്ഡിനിടയില്‍ ഹാസ്‌ചെക്കിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. യൂറോയ്ക്ക് കരാര്‍ നേടി നല്‍കാന്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും  ചാക്കിലാക്കണമെന്ന് രേഖയില്‍ പറയുന്നുമുണ്ട്. പ്രധാന ഉദ്യോഗസ്ഥരെയും മന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരു പ്രധാന കുടുംബത്തെയും പാട്ടിലാക്കണമെന്നും രേഖയിലുണ്ട്. 

 ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് യൂറോ ഫൈറ്റര്‍. അഗസ്ത  കോപ്ടര്‍ നിര്‍മാതാക്കളായ ഫിന്‍മെക്കാനിക്കയ്ക്ക് ഇതില്‍ 21 ശതമാനം ഓഹരിയുണ്ട്. ഇതിനിടെയാണ് 2010ല്‍ അഗസ്ത ഇടപാട് നടന്നത്. ആ സമയത്തും 126 വിമാനങ്ങളുടെ കരാര്‍ നടപടികള്‍ തുടരുന്നതേയുള്ളു. റഫാലും യൂറോറ്റൈറും തമ്മിലുള്ള മത്സരം കഴിഞ്ഞ് 2012ലാണ് റഫാല്‍ കരാര്‍ നേടിയത്. പക്ഷെ വീണ്ടും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നതിനാല്‍ അന്തിമകരാര്‍ ആയില്ല. ഒരു വിമാനം പോലും ലഭിച്ചുമില്ല. ഇങ്ങനെ അനന്തമായി നീണ്ട കരാര്‍ റദ്ദാക്കിയാണ് മോദി സര്‍ക്കാര്‍ 36 റഫാല്‍ വിമാനം അടിയന്തരമായി വാങ്ങാന്‍ തീരുമാനിച്ചത്. 

കരാര്‍ റഫാലിനു ലഭിച്ചതോടെയാണ് ചര്‍ച്ച അനന്തമായി നീട്ടിയതും വിമാനം വാങ്ങാതെ യുപിഎ സര്‍ക്കാര്‍ ഉഴപ്പിയതതെന്നുമാണ് സൂചന. മിഷേലിന് താല്‍പ്പര്യമില്ലാത്ത, കോഴ ലഭിക്കാത്ത ഇടപാടില്‍ യുപിഎ സര്‍ക്കാരിനും താല്‍പ്പര്യമില്ലാതായി. അങ്ങനെ വിമാനക്കരാര്‍ ചര്‍ച്ച സ്തംഭിച്ചു. മിഷേല്‍ മാമന് താല്‍പ്പര്യമില്ലാത്തതു കൊണ്ടാണോ റഫാല്‍ കരാര്‍ ഉപേക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുപരിപാടിയിലെ പ്രസംഗത്തില്‍ ചോദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.