ലോട്ടറി നികുതി 12 ശതമാനം വ്യാപാരികള്‍ക്കുള്ള പരിധി കൂട്ടി

Friday 11 January 2019 1:20 am IST

ന്യൂദല്‍ഹി: ലോട്ടറിയുടെ മേലുള്ള ദേശീയ നികുതി 12 ശതമാനമായിത്തന്നെ നിലനിര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ചു നിയോഗിക്കപ്പെട്ട മന്ത്രിതല ഉപസമിതിയുടെ തീരുമാനം കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു. 

കേരളത്തെ സംബന്ധിച്ച് വലിയ നേട്ടമാണിത്. അനേകം പേരുടെ തൊഴില്‍ സംരക്ഷിക്കാനും സാധിച്ചു. ജിഎസ്ടിയിലെ അപകടകരമായ കുഴിയില്‍ നിന്നാണ് കേരളം രക്ഷപ്പെട്ടതെന്നും ലോട്ടറി മാഫിയയുടെ ആളുകള്‍ സ്വാധീനശ്രമവുമായി രംഗത്തുണ്ടായിരുന്നുവെന്നും മന്ത്രി ഐസക് ആരോപിച്ചു. 

ചെറുകിട ഉത്പാദകര്‍ക്കും വ്യാപാരികള്‍ക്കുമുള്ള പരിധി ഒന്നരക്കോടിയാക്കുകയും ഒരു ശതമാനം കോമ്പോസിഷന്‍ നികുതിയായി നിര്‍ണയിക്കുകയും ചെയ്തു. ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. രജിസ്ട്രേഷന്‍ പരിധി 40 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. അതുപോലെ സേവനദാതാക്കള്‍ക്ക് ഇതുവരെ കോമ്പോസിഷന്‍ നികുതി ഇല്ലായിരുന്നു. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ആറുശതമാനമായിരിക്കും നികുതി. ഹോട്ടല്‍ രംഗത്ത് ഏര്‍പ്പെടുത്തിയതിനു സമാനമാണിതെന്നു മന്ത്രി പറഞ്ഞു. ഫലത്തില്‍ സേവനദാതാക്കള്‍ക്ക് നികുതി 18 ശതമാനത്തില്‍ നിന്ന് ആറുശതമാനമായി കുറയും. 

റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിട നിര്‍മാണ രംഗങ്ങളില്‍ അഞ്ചു ശതമാനം മതിയോ ഇതില്‍ ഭൂമിയടക്കം വേണോ എന്നുള്ള കാര്യത്തില്‍ നിയമസാധുത പരിശോധിക്കുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കുന്നതിനും യോഗത്തില്‍ ധാരണയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.