രാഷ്ട്രപതിയുടെ കൈയൊപ്പുകൂടി; മുന്നാക്ക സംവരണം നിയമമാകും

Friday 11 January 2019 1:54 am IST
പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ ഭൂരിപക്ഷത്തിനാണ് ബില്‍ വോട്ടിനിട്ട് പാസാക്കിയത്. കേന്ദ്രസര്‍ക്കാരിന് മികച്ച ഭൂരിപക്ഷമുള്ള ലോക്‌സഭയിലും ഭരണപക്ഷം ന്യൂനപക്ഷമായ രാജ്യസഭയിലും ബില്‍ യാതൊരു പ്രയാസവും കൂടാതെ പാസാക്കിയത് പ്രധാനമന്ത്രി മോദിയുടേയും ബിജെപിയുടേയും രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയം കൂടിയായി.

ന്യൂദല്‍ഹി: ഇനി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഒരു കൈയൊപ്പുകൂടി- അതോടെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമാകും. മുന്നാക്കക്കാരിലെ പിന്നാക്കക്കാരായ ജനലക്ഷങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ സംവരണ നിയമം. സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ജാതി, മതഭേദമില്ലാതെ സംവരണം ലഭ്യമാകും. 

പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ ഭൂരിപക്ഷത്തിനാണ് ബില്‍  വോട്ടിനിട്ട് പാസാക്കിയത്. കേന്ദ്രസര്‍ക്കാരിന് മികച്ച ഭൂരിപക്ഷമുള്ള ലോക്‌സഭയിലും ഭരണപക്ഷം ന്യൂനപക്ഷമായ രാജ്യസഭയിലും ബില്‍ യാതൊരു പ്രയാസവും കൂടാതെ പാസാക്കിയത് പ്രധാനമന്ത്രി മോദിയുടേയും ബിജെപിയുടേയും രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയം കൂടിയായി. 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുന്നാക്ക സംവരണ ബില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും മികച്ച രാഷ്ട്രീയ നീക്കമായും  വിലയിരുത്തപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന് വലിയ രാഷ്ട്രീയനേട്ടം ലഭിക്കുമെന്ന് ഉറപ്പായിട്ടും കോണ്‍ഗ്രസിനും സിപിഎമ്മിനുമടക്കം ബില്ലിനെ എതിര്‍ക്കാന്‍ സാധിക്കാതിരുന്നതും മോദിയുടെ വജ്രായുധത്തിന്റെ ശക്തി വ്യക്തമാക്കി. 

ലോക്‌സഭയില്‍ 326ല്‍ 323 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. രാജ്യസഭയിലാവട്ടെ 172 അംഗങ്ങളില്‍ 165 പേരുടെ പിന്തുണയും ബില്ലിന് ലഭിച്ചു. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണായക ബില്ലിന് നേടിയെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ജാതി സമരങ്ങള്‍ക്കാണ് മുന്നാക്ക സംവരണ ബില്ലോടെ പരിഹാരമാകുന്നത്. ജാട്ടുകളും ഗുജ്ജാറുകളും പട്ടേലുമാരും അടക്കം നടത്തിയ സമരങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവഴി സാധിക്കും.

ബില്ലിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ കോടതിയെ സമീപിക്കാനുള്ള ചില നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാന്‍ സാധിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.