209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

Friday 11 January 2019 11:25 am IST
വധശിക്ഷ ലഭിക്കുകയോ, ഇളവു ചെയ്ത് ജീവപര്യന്തമാക്കുകയോ ചെയ്ത പ്രതികള്‍ക്ക് 14 വര്‍ഷമെങ്കിലും തടവനുഭവിക്കാതെ ശിക്ഷായിളവ് നല്‍കരുതെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 433 എ വകുപ്പ് ലംഘിച്ചെന്നു കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഫുള്‍ബെഞ്ചിന്റെ തീരുമാനം.

കൊച്ചി: കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ ജീവപര്യന്തം വിധിച്ച ഒന്നാംപ്രതി അച്ചാരുപറമ്പത്ത് പൂള പ്രദീപന്‍ അടക്കം 209 തടവുകാരെ വിട്ടയച്ച വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് തടവുകാരെ വിട്ടയച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. 2011ലാണ് ശിക്ഷായിളവ് നല്‍കി 209 തടവുകാരെ വിട്ടയച്ചത്. 

വധശിക്ഷ ലഭിക്കുകയോ, ഇളവു ചെയ്ത് ജീവപര്യന്തമാക്കുകയോ ചെയ്ത പ്രതികള്‍ക്ക് 14 വര്‍ഷമെങ്കിലും തടവനുഭവിക്കാതെ ശിക്ഷായിളവ് നല്‍കരുതെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 433 എ വകുപ്പ് ലംഘിച്ചെന്നു കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഫുള്‍ബെഞ്ചിന്റെ തീരുമാനം. 

എന്നാല്‍, ഈ തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുന്ന കാര്യം ആറ് മാസത്തിനകം സര്‍ക്കാരും ഗവര്‍ണറും വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണം. സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണറാണ് ശിക്ഷായിളവ് നല്‍കുന്നത്. അധികാരം വിനിയോഗിക്കുമ്പോള്‍ പൊതുജന താല്‍പര്യം സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. കോടതി വ്യക്തമാക്കി. 

ശിക്ഷായിളവു നല്‍കുമ്പോള്‍ കാരണം എന്താണെന്ന് ബന്ധപ്പെട്ട കക്ഷികളോടു വിശദീകരിക്കണമെന്നതിന് മതിയായ കാരണം ഇല്ലാതെ മോചിപ്പിക്കാം എന്ന് അര്‍ത്ഥമില്ല. ഇളവു നല്‍കുമ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 433 എ വകുപ്പ് പാലിച്ചിരിക്കണം. ഇക്കാര്യം സുപ്രീംകോടതി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 

 209 പേരുടെ കാര്യത്തിലും 433 എ പ്രകാരമുള്ള വ്യവസ്ഥ ഒഴിവാക്കേണ്ടതുണ്ടോയെന്ന് സര്‍ക്കാര്‍ മനസ്സിരുത്തി പരിശോധിക്കണം. അല്ലാതെ ശിക്ഷായിളവിനുള്ള അധികാരം വിനിയോഗിക്കുന്നത് സ്വേച്ഛാപരവും നിയമവിരുദ്ധവുമാണ്. തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണെങ്കിലും ഇതിനുള്ള ശുപാര്‍ശ നല്‍കുന്നത് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ ശുപാര്‍ശയും നിയമാനുസൃതമായിരിക്കണം, ഹൈക്കോടതി വ്യക്തമാക്കി. 

2011 ഫെബ്രുവരി 18ലെ ഉത്തരവനുസരിച്ച് 209 തടവുകാരും മോചിതരായെങ്കിലും ഗവര്‍ണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇവരെ വീണ്ടും തടവിലാക്കാന്‍ നിര്‍ദേശിക്കുന്നില്ല. ഈ ഹര്‍ജികളില്‍ തടവുകാര്‍ കക്ഷികളല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും, പുറത്തിറങ്ങിയ ശേഷം ഏഴു വര്‍ഷത്തെ ഇവരുടെ പെരുമാറ്റം കൂടി കണക്കിലെടുത്ത് ശിക്ഷായിളവിന്റെ കാര്യം പുനഃപരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആറു മാസത്തിനുള്ളില്‍ ഗവര്‍ണര്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ ഈ തടവുകാര്‍ ശേഷിച്ച ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഫുള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.