കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുടെ പട്ടിക നല്കാന് ഹൈക്കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. പിഎസ്സി ലിസ്റ്റിലുള്ള ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
കേസ് ഇനി പരിഗണിക്കുമ്പോള്‍ പട്ടിക സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. അടുത്തിടെ പിഎസ്സി ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടര്‍മാരുടെ ഹര്‍ജി പരിഗണിച്ച് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് 4,071 താത്കാലിക കണ്ടക്ടര്‍മാരെ കോര്പ്പറേഷന് പിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരും കോടതിയെ സമീപിച്ചത്.
കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവിന് കോര്പ്പറേഷന് രണ്ടുമാസം സാവകാശം തേടിയെങ്കിലും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോടതി തള്ളിക്കളയുകയായിരുന്നു. പിന്നീട് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടര്‍മാര്‍ക്ക് കോര്പ്പറേഷന് നിയമന ഉത്തരവ് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: