ട്രെയിന്‍ തടയല്‍: ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു

Friday 11 January 2019 12:58 pm IST

തിരുവനന്തപുരം: രണ്ട് ദിവസം നീണ്ട ദേശവ്യാപക പൊതുപണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിനുകള്‍ തടഞ്ഞ സംഭവത്തില്‍ നേതാക്കളുള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആര്‍.പി.എഫ് അറിയിച്ചു. കേസുകള്‍ക്ക് പുറമേ വന്‍ തുക നഷ്ടപരിഹാരം ഈടാക്കാന്‍ പ്രത്യേകം കേസ് ഫയല്‍ ചെയ്യാനും തീരുമാനമുണ്ട്.

ട്രെയിനുകള്‍ തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിവിഷന്‍ നേതൃത്വം റെയില്‍‌വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ തീവണ്ടി തടഞ്ഞതു കാരണം വിവിധ ഭാഗങ്ങളിലുണ്ടായ നഷ്ടവും കണക്കിലെടുക്കും. തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ മാത്രം രണ്ട് ദിവസങ്ങളിലായി ട്രെയിന്‍ തടഞ്ഞതിന് ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംയുക്തസമരസമിതി കണ്‍വീനര്‍ വി. ശിവന്‍കുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കം ആയിരത്തിലധികംപേര്‍ക്കെതിരെയാണ് കേസ്. 

ശിക്ഷിക്കപ്പെട്ടാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.  സ്റ്റേഷനില്‍ അതിക്രമിച്ച്‌ കടക്കല്‍, മുദ്രാവാക്യം വിളിച്ച്‌ യാത്രക്കാരെ ബുദ്ധിമുട്ടിക്കല്‍, തീവണ്ടി തടയല്‍ , ഡ്യൂട്ടി തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്‍പിഎഫ് എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.