അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നും രാജി വച്ചു

Friday 11 January 2019 3:20 pm IST

ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഉന്നതാധികാര സമിതി പുറത്താക്കിയതിനെത്തുടര്‍ന്ന് അലോക് വര്‍മ കേന്ദ്ര സര്‍വീസില്‍നിന്ന് രാജിവച്ചു. ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍  സ്ഥാനം നല്‍കിയെങ്കിലും അത് സ്വീകരിക്കാതെയാണ് രാജി.

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നിഷേധിച്ചതായി വര്‍മ രാജിക്കത്തില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ജഡ്ജിയും ഉള്‍പ്പെട്ട ഉന്നതാധികാര സമിതി വ്യാഴാഴ്ചയാണ് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയത്. ചീഫ് വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് വര്‍മയുടെ രാജി. 

സിബിഐയുടെ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര്‍ റാവു ചുതലയേറ്റു. കഴിഞ്ഞ ദിവസം വര്‍മ പുറത്തിറക്കിയ സ്ഥലം മാറ്റ ഉത്തരവുകള്‍ റാവു റദ്ദാക്കി. 

അതേസമയം കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട സിബിഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന, ഡിസിപി ദേവേന്ദ്രകുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതി തള്ളി. അസ്താനയും അലോക് വര്‍മയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായ സമയത്ത് വര്‍മയാണ് അസ്താനയ്ക്കും കുമാറിനും എതിരെ അഴിമതിക്കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അഴിമതി നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കാനാവില്ല, ഹൈക്കോടതി വ്യക്തമാക്കി.

അസ്താനയും വര്‍മയും തമ്മിലുള്ള പോര് കടുത്തപ്പോഴാണ് സിബിഐയിലെ ഡയറക്ടറും പ്രത്യേക ഡയറക്ടറും തമ്മില്‍ യുദ്ധമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്. പോര് കടുത്തതോടെ കേന്ദ്രം ഇരുവരെയും നിര്‍ബന്ധിത അവധി നല്‍കി വീട്ടിലിരുത്തി. വര്‍മയ്ക്കു പകരം നാഗേശ്വര്‍ റാവുവിനെ ഇടക്കാല മേധാവിയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.