രാമക്ഷേത്രം നിര്‍മിക്കും; തടസ്സം കോണ്‍ഗ്രസ്

Friday 11 January 2019 6:38 pm IST
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുള്ളവരും തമ്മിലാണ് യുദ്ധം. ഈ തെരഞ്ഞെടുപ്പിലെ വിജയം രാജ്യത്തിന്റെ ഭാവി തലമുറകളെ ബാധിക്കുന്നതിനാല്‍ ഏറെ പ്രാധാന്യമുള്ളതാണ്.

ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസ്സാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് നേതാക്കന്മാരായ അഭിഭാഷകര്‍ സുപ്രീംകോടതിയിലെ കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എത്രയും വേഗം രാമജന്മഭൂമിയില്‍ ഭവ്യക്ഷേത്രം നിര്‍മിക്കണമെന്നതാണ് ബിജെപിയുടെ തീരുമാനമെന്നും അമിത് ഷാ വ്യക്തമാക്കി. ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ആരംഭിച്ച ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍. 

സുപ്രീംകോടതിയില്‍ പുരോഗമിക്കുന്ന അയോധ്യാ കേസ് എത്രയും വേഗം അവസാനിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ കപില്‍ സിബല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേസ് വൈകിപ്പിക്കുകയാണ്. ഭരണഘടനാപരമായ വഴികളിലൂടെ രാമക്ഷേത്രം സാധ്യമാക്കാനാണ് ബിജെപിയുടെ ശ്രമം, പ്രതിനിധികളുടെ നിലയ്ക്കാത്ത കരഘോഷത്തിനിടെ അമിത് ഷാ വ്യക്തമാക്കി. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുള്ളവരും തമ്മിലാണ് യുദ്ധം. ഈ തെരഞ്ഞെടുപ്പിലെ വിജയം രാജ്യത്തിന്റെ ഭാവി തലമുറകളെ ബാധിക്കുന്നതിനാല്‍ ഏറെ പ്രാധാന്യമുള്ളതാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ തിളങ്ങിനില്‍ക്കണമെന്നാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പൗരന്മാര്‍ക്കും പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ്. മറാത്ത സൈന്യം തുടര്‍ച്ചയായ 131 യുദ്ധം വിജയിച്ചെങ്കിലും പാനിപ്പത്തിലെ പരാജയം രാജ്യത്തെ 200 വര്‍ഷത്തെ അടിമത്തത്തിലേക്കാണ് നയിച്ചത്. അതിനാല്‍ ഈ യുദ്ധം നമുക്കു നിര്‍ണായകമാണ്, അമിത് ഷാ പറഞ്ഞു.

പഞ്ചായത്ത്തലം മുതല്‍ കേന്ദ്രത്തില്‍ വരെ അധികാരം കൈയാളിയിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരം ഏറ്റെടുത്തത്. അഴിമതിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താനാണ് അദ്ദേഹം പരിശ്രമിച്ചത്. എന്നാല്‍ അഴിമതി കേസില്‍ ജാമ്യത്തിലിറങ്ങി നടക്കുന്ന രാഹുല്‍ ഗാന്ധി, മോദിക്കും മോദി സര്‍ക്കാരിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും അമിത് ഷാ കുറ്റപ്പെടുത്തി. 

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 74 സീറ്റുകള്‍ ലഭിക്കും. ബിജെപിയെയും നരേന്ദ്ര മോദിയെയും പരാജയപ്പെടുത്താമെന്ന പ്രതീക്ഷകള്‍ ആര്‍ക്കും വേണ്ട. സാംസ്‌ക്കാരിക ദേശീയത എന്ന പ്രത്യയ ശാസ്ത്രവുമായി ബിജെപിയും അധികാരം എന്ന ഒറ്റലക്ഷ്യവുമായി കോണ്‍ഗ്രസും ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ നാലര വര്‍ഷത്തെ കേന്ദ്രഭരണത്തിലെ നേട്ടങ്ങളാണ് ജനങ്ങള്‍ വിലയിരുത്താന്‍ പോകുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ഉജ്ജ്വല പദ്ധതി, സ്വച്ഛ് ഭാരത്, ശൗചാലയങ്ങള്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും. അഞ്ചുവര്‍ഷം കൊണ്ട് രാജ്യമാകെ പരിവര്‍ത്തനം കൊണ്ടുവരാനാണ് മോദി പരിശ്രമിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളന വേദിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ദേശീയ കൗണ്‍സിലില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരം പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ക്രേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, 16 സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, മുന്നൂറ്റമ്പതിലേറെ പാര്‍ട്ടി എംപിമാര്‍, ആയിരത്തിലേറെ എംഎല്‍എമാര്‍ തുടങ്ങിയവര്‍ രണ്ടുദിവസത്തെ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്. 

ഇന്ന് ഉച്ചയ്ക്ക് ശേഷം കൗണ്‍സിലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവസാനവട്ട തയാറെടുപ്പാണ് ദേശീയ കൗണ്‍സിലില്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.