മാധ്യമങ്ങളുടെ അജണ്ട

Saturday 12 January 2019 1:33 am IST
ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംസ്‌കാരമാണിത്. രാജ്യം ഭരിക്കുന്ന ഏറ്റവും വലിയ ദേശീയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ ബഹിഷ്‌കരിച്ച സംഭവത്തില്‍ ഒരു പശ്ചാത്താപവും ഇതുവരെ ഇല്ലാതെ പോയത് അതിന് നേതൃത്വം നല്‍കിയവരുടെ പക്ഷപാതപരമായ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.

താല്‍പ്പര്യങ്ങളില്ലാത്ത മാധ്യമങ്ങള്‍ വളരെ വളരെ കുറവാണ്. മാധ്യമധര്‍മം എന്നത് ഇന്ന് പഴങ്കഥയാണ്. ഇന്ന് മാധ്യമവ്യവസായമാകുമ്പോള്‍ ലാഭനഷ്ടക്കണക്കേയുള്ളൂ. കേരളത്തില്‍ ബിജെപിയെ അനുകൂലിച്ചാല്‍ നഷ്ടമാണെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തിയെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലൊ. അടുത്തിടെ ബിജെപിക്കെതിരായ ആയുധമാക്കി മാധ്യമസുഹൃത്തുക്കള്‍ പ്രതിഷേധ പ്രകടനം നടത്തുകമാത്രമല്ല ചില പ്രസ്‌ക്ലബ്ബുകള്‍ കര്‍മസമിതിയെയും ബിജെപിയെയും ബഹിഷ്‌കരിക്കുന്ന നിലയിലെത്തി.

ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംസ്‌കാരമാണിത്. രാജ്യം ഭരിക്കുന്ന ഏറ്റവും വലിയ ദേശീയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ ബഹിഷ്‌കരിച്ച സംഭവത്തില്‍ ഒരു പശ്ചാത്താപവും ഇതുവരെ ഇല്ലാതെ പോയത് അതിന് നേതൃത്വം നല്‍കിയവരുടെ പക്ഷപാതപരമായ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.

ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹം ഇന്ന് ബിജെപിയുടെ സമുന്നത നേതാവാണെന്ന് പറയേണ്ടതില്ലല്ലൊ. ലോകാരാധ്യനായ നരേന്ദ്രമോദി ശബരിമല വിഷയത്തില്‍ കേരളത്തിലെ കര്‍മസമിതിയുടെയും ബിജെപിയുടെ നിലപാടിനൊപ്പമാണ്. അദ്ദേഹത്തെയും ഇവിടെ ബിജെപിയെ ഒറ്റപ്പെടുത്താന്‍ മുന്നിട്ടുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുമോ? മാധ്യമങ്ങളില്‍ പണിയെടുക്കുന്ന ചിലരുടെ രാഷ്ട്രീയത്തിനൊപ്പമാണോ മാധ്യമ മുതലാളികളും എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ബിജെപി ബഹിഷ്‌കരണത്തിന് കാരണമായ അക്രമികളില്‍ ഒന്ന് കാസര്‍കോഡ് ചേറ്റുകുണ്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടതാണ്. അതിലെ മുഖ്യപ്രതി പിടിയിലായിട്ടുണ്ട്. അക്രമദൃശ്യങ്ങള്‍ ടെലിവിഷനില്‍ നോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയാകട്ടെ, സിപിഎം അട്ടേങ്ങാട് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിജെപിയോട് ശത്രുതയുണ്ടാക്കാന്‍ സിപിഎം നടത്തിയ ആസൂത്രിത പദ്ധതിയാണെതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മറ്റുസ്ഥലങ്ങളിലും നടന്നത് ആസൂത്രിത അക്രമമാണെന്നത് സംശയമില്ലാത്ത കാര്യമാണ്. 

പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലിനെ പഴിച്ചവരാണ് 48 മണിക്കൂര്‍ പണിമുടക്കി രാജ്യത്തെ ബന്ധിയാക്കിയത്. ജനങ്ങളെ നടുറോഡുകളില്‍ തടഞ്ഞുനിര്‍ത്തി, തീവണ്ടികള്‍ തടഞ്ഞുനിര്‍ത്തി, പൊതുയാത്രാ സംവിധാനങ്ങളെ റോഡിലിറങ്ങാന്‍ അനുവദിച്ചില്ല. കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കില്ലെന്നും ആര്‍ക്കുവേണമെങ്കിലും സ്ഥാപനങ്ങള്‍ തുറക്കാമെന്ന് ഉറപ്പ് നല്‍കിയവരുടെ നിഴല്‍പോലും രണ്ട് ദിവസം കണ്ടില്ല. തെരുവിലാകെ അക്രമമഴിച്ചുവിട്ടു. കടതുറക്കാന്‍ തുനിഞ്ഞവരെ കയ്യേറ്റം ചെയ്തു. കോടതിവിധിയോട് പണ്ടെങ്ങുമില്ലാത്ത അനുഭാവവും ആദരവ് പ്രകടിപ്പിക്കുന്നവര്‍ റോഡില്‍ സ്‌റ്റേജ് കെട്ടി പൊതുയോഗം നടത്താന്‍ പാടില്ലെന്ന കോടതിവിധി തൃണവല്‍ഗണിച്ചു. സെക്രട്ടറിയേറ്റിന്റെ നേരെ മുന്നില്‍ റോഡില്‍ സ്‌റ്റേജ് കെട്ടി 48 മണിക്കൂര്‍ ആഘോഷം നടത്തി. മാത്രമല്ല, ഇതിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ തലസ്ഥാനത്തെ മെയിന്‍ ബ്രാഞ്ച് അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും ഫാനുകളും ഫര്‍ണിച്ചറുകളുമെല്ലാം തരിപ്പണമാക്കി. ട്രഷറിയും പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചാണിത്. പതിനഞ്ചോളം വരുന്ന അക്രമിസംഘത്തില്‍ സിപിഎമ്മുകാരായ എന്‍ജിഒ യൂണിയന്‍കാരാണ്. അതില്‍ രണ്ട് ഛോട്ടാ നേതാക്കള്‍ കീഴടങ്ങി. അവര്‍ റിമാണ്ടിലുമായി. ബാക്കിയുള്ള 13 പേരെ തിരിച്ചറിഞ്ഞില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ പോലീസ് ഭാഷ്യം. ബാങ്കില്‍ അക്രമത്തിനായി കയറിവരുന്ന എല്ലാവരെയും വ്യക്തമായി കാണുന്നുണ്ട്. അവരെ സെക്രട്ടേറിയറ്റിലെ എല്ലാവരും തിരിച്ചറിഞ്ഞു. പേരുസഹിതം വിളിച്ചുപറയുന്നുമുണ്ട്. പോലീസിനുമാത്രം തിമിരം ബാധിച്ചിരിക്കുന്നു. കണ്ടൂടാ കണ്ടൂടാ എന്നാണവര്‍ പറയുന്നത്. സിപിഎം സംസ്ഥാന കമ്മറ്റിയംഗം ശിവന്‍കുട്ടി പ്രസ്താവിച്ചിട്ടുണ്ട്. അക്രമിച്ചത് എന്‍ജിഒ യൂണിയന്‍കാരല്ല എന്ന്. അക്രമം നടത്തുന്ന കാഴ്ച സിസിടിവിയിലില്ല എന്നാണ് ശിവന്‍കുട്ടി പറയുന്നത്. 

അക്രമികള്‍ വരുംമുന്‍പ് ബാങ്കിലെ സിപിഎം യൂണിയനിലെ ചിലര്‍ സിസിടിവി പ്രവര്‍ത്തനം നിശ്ചലമാക്കി എന്നാണ് വാസ്തവം. അഥവാ ചിത്രം ലഭിച്ചാലും എന്താണ് ഗുണം! നിയമസഭയില്‍ ശിവന്‍കുട്ടിയടക്കമുള്ള നേതാക്കള്‍ കാട്ടിക്കൂട്ടിയ അക്രമവും അടിച്ചുതകര്‍ക്കലും എല്ലാവരും കണ്ടതല്ലെ. എല്ലാവരും മോചിപ്പിക്കപ്പെട്ടില്ലെ! 

ശബരിമല ഹര്‍ത്താലില്‍ നാമജപം നടത്തിയ പതിനായിരംപേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ കള്ളക്കേസുമെടുത്തു. എസ്ബിഐയില്‍ അതിക്രമം നടത്തിയ 15 പേരുടെ ഊരുംപേരും പദവിയും പോലീസിന് തിരിച്ചറിയാനായില്ല. സ്‌കോട്ട്‌ലാന്‍ഡ് യാഡ് പോലീസിനെ വെല്ലുന്ന വിരുതന്മാരുള്ള പോലീസാണിവിടെ എന്ന് ഊറ്റംകൊള്ളാറുണ്ട്. അവിടെ വിദഗ്ധ പരിശീലനം നേടിയ മനോജ് അബ്രഹാമും തലപ്പത്തുണ്ട്. എന്നിട്ടും പ്രതികളെ തിരിച്ചറിയുന്നില്ലെങ്കില്‍ എന്തോന്ന് പറയാന്‍. ശംഭോ മഹാദേവ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.