സിബിഐയിലെ ശുദ്ധീകരണം

Saturday 12 January 2019 1:36 am IST
അധികാരമുപയോഗിച്ച് ഏകാധിപത്യപരമായി പെരുമാറുകയല്ല മോദി സര്‍ക്കാര്‍ ചെയ്തത്. അലോക് വര്‍മക്കെതിരെയുള്ള സിവിസി അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു നടപടി. ഇത് വളരെ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി വിധിക്കുശേഷം ചേര്‍ന്ന സമിതി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനിച്ചത്.

ഴിമതിയുടെ കാര്യത്തില്‍ 'തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല' എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയത്തിന് അടിവരയിടുന്നതാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കിയ ധീരമായ നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടങ്ങുന്ന സമിതി അലോക് വര്‍മയെ പുറത്താക്കാനെടുത്ത നടപടി ഇത്തരത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സിബിഐ ഡയറക്ടറായിരിക്കെ ഉപമേധാവിയായ അസ്താനയുമായി തമ്മിലടിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും പദവികളില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു. പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റ് പല സിബിഐ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുകയും ചെയ്തു. തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി പൂര്‍ണമായി അനുകൂലമായില്ല. വര്‍മയ്ക്ക് സ്ഥാനം തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി, പക്ഷേ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുകയാണുണ്ടായത്. എന്നാല്‍ കോടതിവിധി മാനിക്കാതെ വര്‍മ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി.

അധികാരമുപയോഗിച്ച് ഏകാധിപത്യപരമായി പെരുമാറുകയല്ല മോദി സര്‍ക്കാര്‍ ചെയ്തത്. അലോക് വര്‍മക്കെതിരെയുള്ള സിവിസി അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു നടപടി. ഇത് വളരെ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി വിധിക്കുശേഷം ചേര്‍ന്ന സമിതി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പേര് ഒഴിവാക്കാന്‍  ശ്രമിച്ചു. മാംസം കയറ്റുമതിക്കാരനും വന്‍ അഴിമതിക്കാരനുമായ മൊയിന്‍ ഖുറേഷിയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. 2016-ല്‍ ദല്‍ഹി പോലീസ് കമ്മീഷണറായിരിക്കെ ഒരു സ്വര്‍ണക്കള്ളക്കടത്തുകാരനെ സഹായിച്ചു. ഹരിയാന ഭൂമി കുംഭകോണക്കേസില്‍ പ്രാഥമിക അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരായ രണ്ട് ഉദ്യോഗസ്ഥരെ സിബിഐയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് വര്‍മയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ പത്തുവര്‍ഷത്തെ യുപിഎ ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഇതിന് കൂട്ടുപിടിക്കുകയും ചെയ്തു. ഇതിനെതിരായ ജനവികാരമാണ് 2014-ല്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായ ജനവിധിക്ക് കാരണമായത്. ഭരണം മാറിയിട്ടും യുപിഎ ഭരണകാലത്തെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ സഹായിക്കുന്ന നിലപാടാണ് പല അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. അഴിമതിക്കെതിരായ മോദിസര്‍ക്കാരിന്റെ നടപടികളെ തുരങ്കംവയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ശക്തമായ ശുദ്ധീകരണ പ്രക്രിയ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി സംശയത്തിനതീതമായിരിക്കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ അഴിമതിക്കേസില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഖിക്കുന്നതല്ലല്ലോ ഇത്. അവരാണ് അലോക് വര്‍മയെപ്പോലുള്ളവര്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നത്. ഇതുകൊണ്ടൊന്നും അഴിമതിക്കെതിരായ കുരിശുയുദ്ധത്തില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.