ആമസോണ്‍ മേധാവിക്ക് ഡിവോഴ്‌സ്; കോടികളുടെ സ്വത്ത് നഷ്ടമാവും

Saturday 12 January 2019 1:01 am IST

വാഷിങ്ടണ്‍: കേരളത്തില്‍ വിവാഹമോചനം എന്നാല്‍ നിയമ നടപടിയില്‍ അവസാനിക്കുന്ന സംഭവമാണ്. സെലിബ്രിറ്റികളാണെങ്കില്‍ കുറച്ചു ദിവസത്തേക്ക് ചര്‍ച്ചയാവും അത്രമാത്രം. മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്തിക്കൊടുക്കുന്ന വിവാഹമോചന വാര്‍ത്തകള്‍ വരുന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ, ആമസോണിന്റെ മേധാവി ജെഫ് ബെസോസ് വിവാഹമോചനത്തിനൊരുങ്ങുമ്പോള്‍ നെടുകെ പിളരുന്നു, കോടിക്കണക്കായ ബിസിനസ് സാമ്രാജ്യം. 

9.5 ലക്ഷം കോടിയാണ് അമ്പത്തിനാലുകാരനായ, ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ ആസ്തി. ഡിവോഴ്‌സ് സ്ഥിരീകരിച്ചതോടെ ഇതില്‍ പകുതി സ്വത്ത് നഷ്ടപരിഹാരമായി ഭാര്യ മക്കന്‍സി ടട്ടിലിനു നല്‍കേണ്ടിവരും. അതോടെ ജെഫ് സമ്പന്നരുടെ പട്ടികയില്‍ അമ്പതിനു താഴെ സ്ഥാനത്തേക്കു വീഴും. നാല്‍പ്പത്തെട്ടുകാരിയായ മക്കന്‍സി ടട്ടിലാവട്ടെ ലോകത്തെ ഏറ്റവും സമ്പന്നയായ വനിത എന്ന പദവിലേക്ക് എത്തും. 

1993ലാണ് ജെഫ് ബെസോസും മക്കന്‍സി ടട്ടിലും വിവാഹിതരായത്. വാള്‍സ്ട്രീറ്റിലെ ഒരു ഫണ്ട് മാനേജര്‍ മാത്രമായിരുന്ന ജെഫ്, ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല പടുത്തുയര്‍ത്തുമ്പോള്‍ കരുത്തോടെ ഒപ്പം നിന്നു മക്കന്‍സി.

അടുത്ത സുഹൃത്ത് പാട്രിക് വൈറ്റ്‌സെല്ലിന്റെ ഭാര്യ ലോറന്‍ സാഞ്ചസുമായുള്ള ജെഫിന്റെ ബന്ധം പുറത്തു വന്നതോടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ക്കു തുടക്കമായത്. ചില സായാഹ്‌ന പത്രങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ തുടങ്ങി, ജെഫും ലോറനും പരസ്പരം അയച്ച ഫോണ്‍ സന്ദേശങ്ങള്‍ കൂടി പരസ്യമായതോടെ വിവാഹമോചനം അനിവാര്യമാവുകയായിരുന്നു. മക്കന്‍സിയും നാലു മക്കളും കുറച്ചു നാളായി മാറിത്താമസിക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.