അലോക് വര്‍മയ്ക്ക് വിനയായത് അഞ്ച് ആരോപണങ്ങള്‍

Saturday 12 January 2019 1:50 am IST

ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ തെറിച്ചതിന് അഞ്ചുപ്രധാന കാരണങ്ങള്‍. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ കണ്ടെത്തലുകളാണിവ. ഇക്കാര്യം സിവിസിയുടെ റിപ്പോര്‍ട്ടിലുണ്ട്. വര്‍മയുടെ സത്യസന്ധത സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളാണ് സിവിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അഞ്ചെണ്ണത്തില്‍ വര്‍മ കുറ്റക്കാരനാണെന്നാണ് സിവിസി നിലപാട്.

1. മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ കേസ്. ഇതുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോര്‍ട്ടില്‍ നിന്ന് വര്‍മ ഒരു പേര് ഒഴിവാക്കി. ഇത് വര്‍മ മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് സിവിസിയുടെ കണ്ടെത്തല്‍. ഇങ്ങനെ ചെയ്തതിന്റെ കാരണം വര്‍മയ്ക്കു മാത്രമേ അറിയാവൂ.

2. മൊയിന്‍ ഖുറേഷി കേസില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ വര്‍മ സതീഷ് ബാബു സനയില്‍ നിന്ന് രണ്ടു കോടി കോഴ വാങ്ങിയെന്നാണ് സിബിഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആരോപണം.  ഈ കേസില്‍ വര്‍മയുടെ  നടപടികള്‍ സംശയാസ്പദമാണെന്നാണ് സിവിസി റിപ്പോര്‍ട്ടിലും. സ്‌റ്റെര്‍ലിങ്ങ് ബയോടെക് കേസില്‍ രാകേഷ് അസ്താനയുടെ പങ്ക് അന്വേഷിക്കുന്നുെണ്ടന്നാണ് വര്‍മ വിജിലന്‍സിനോട് പറഞ്ഞത്. എന്നാല്‍ വര്‍മ വിജിലന്‍സിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് സിവിസി കണ്ടെത്തി.

സത്യസന്ധതയില്‍ സംശയമുള്ള ഉദ്യോഗസ്ഥരെ സിബിഐയില്‍ കയറ്റാന്‍ വര്‍മ ശ്രമിച്ചതായും പറയുന്നു.

3. 2016ല്‍ ദല്‍ഹി പോലീസ് മേധാവിയായിരിക്കെ വര്‍മ സ്വര്‍ണ്ണ കള്ളക്കടത്തുകാരന് അകമ്പടി നല്‍കി. ഇയാളെ പിന്നീട് കസ്റ്റംസ് പിടിച്ചു. ഈ ആരോപണം ഭാഗികമായി ശരിയാണെന്ന് കണ്ടെത്തിയ സിവിസി ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു

4. ഹരിയാന ഭൂമി കുംഭകോണക്കേസില്‍ ഹരിയാന നഗര ആസൂത്രണ ഡയറക്ടറുമായി വര്‍മ ബന്ധത്തിലായിരുന്നു. ഈ ഇടപാടില്‍ പ്രാഥമിക അന്വേഷണം അവസാനിപ്പിക്കാന്‍ 36 കോടിയുടെ കോഴയിടപാടാണ് നടന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സിവിസി നിര്‍ദേശിച്ചിരുന്നു.

5. കളങ്കിതരായ രണ്ട് ഉദ്യോഗസ്ഥരെ സിബിഐയില്‍ ചേര്‍ക്കാന്‍ വര്‍മ ശ്രമിച്ചു. ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും വര്‍മ ഇവരെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സിവിസിയും കണ്ടെത്തി.

വിശദീകരണം കേട്ടില്ലെന്ന് വര്‍മ

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വര്‍മയുടെ പ്രതികരണം. തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി പ്രകാരമാണ് നടപടിയെടുത്തത്. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും വര്‍മ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.