എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായത് വ്യാജസര്‍ട്ടിഫിക്കറ്റ് ചമച്ച്

Saturday 12 January 2019 3:26 am IST

കോട്ടയം: ശബരിമല ആചാരലംഘനത്തെ പിന്തുണച്ച് സിപിഎം വേദികളില്‍ സ്ഥിരസാന്നിദ്ധ്യമായി മാറിയ എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായത് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്ന് ആക്ഷേപം. 2019 ജനുവരി 3ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് 13612-18-പിഐഒ നമ്പരില്‍ ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 

തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് ഇദ്ദേഹം ദേവസ്വം ബോര്‍ഡില്‍ യോഗ്യതയ്ക്കായി ഹാജരാക്കിയത്. എന്നാല്‍ ദേവസ്വത്തില്‍നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റിന് പകരം പ്രവര്‍ത്തന കാലാവധി കൂടുതലുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് ഹാജരാക്കിയതായാണ് ആക്ഷേപം. 1997 മാര്‍ച്ച് ഒന്നിനാണ് ശങ്കരന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമിതനായത്്. 10 വര്‍ഷത്തിന് ശേഷം 2007 ഒക്ടോബര്‍ 10ന് അദ്ദേഹം ഇവിടെനിന്നും രാജിവെച്ചു. 

എന്നാല്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥത്തിലുള്ള തീയതിയില്‍ 1997ന് പകരം 1991 മാര്‍ച്ച് 1 മുതല്‍ ജോലി ചെയ്തതായാണ് രേഖ. സംഭവം വിവാദമായതോടെ തിരുവഞ്ചൂര്‍ ദേവസ്വം രേഖകള്‍ ഭരണസമിതി അംഗങ്ങള്‍ പരിശോധിച്ചു. എന്നാല്‍ 1997 മുതലുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് ദേവസ്വം ഇദ്ദേഹത്തിന് ഇവിടെനിന്ന് നല്‍കിയിട്ടുള്ളത്. അതിനാല്‍ ശങ്കരന്‍ നമ്പൂതിരി ഹാജരാക്കിയ 16 വര്‍ഷത്തെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍.

അപേക്ഷയിന്മേലുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ ദേവസ്വംബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് സര്‍ട്ടിഫിക്കറ്റിലെ കൃത്രിമത്വം ബോദ്ധ്യപ്പെട്ടിരുന്നു. അതനുസരിച്ച് അന്നത്തെ ഭരണസമിതി സെക്രട്ടറിയില്‍നിന്നും 1997 മാര്‍ച്ച് ഒന്ന് മുതല്‍ 2007 ഒക്ടോബര്‍ 10വരെയുള്ള സര്‍ട്ടിഫിക്കറ്റാണ് ഇവിടെനിന്നും നല്‍കിയതെന്ന രേഖ വിജിലന്‍സ് വിഭാഗം എഴുതി വാങ്ങുകയും ചെയ്തു. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ശങ്കരന്‍ നമ്പൂതിരിയും തമ്മിലുള്ള രഹസ്യധാരണപ്രകാരം ഈ കണ്ടെത്തല്‍ മറച്ചുവച്ചാണ് വിജിലന്‍സ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.