ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അടച്ചു പൂട്ടേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി

Saturday 12 January 2019 3:48 am IST

ന്യൂദല്‍ഹി: താല്‍ക്കാലിക നിയമന കാലാവധി കൂടി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടിവന്നാല്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി. പ്രതിമാസം 110 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്കാണ് ഹൈക്കോടതി ഉത്തരവ് എത്തിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി. 

ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ 428 കോടി രൂപ അധിക ബാധ്യത വരും. ഇത് താങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കില്ല. ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിച്ചില്ലെങ്കില്‍ സ്ഥാപനം എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരും, സത്യവാങ്മൂലത്തില്‍ പറയുന്നു. 

ചില കോടതി വിധികള്‍ക്ക് നല്‍കുന്ന പ്രാധാന്യം എന്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഭിഭാഷകന്‍ അഡ്വ. വി.കെ ബിജു ചോദിച്ചു. ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചപ്പോള്‍ ഉത്തരവ് നടപ്പാക്കാത്തതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടുകയാണ് നല്ലതെന്നും സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.