ഭക്തരല്ല, അവര്‍ ആക്ടിവിസ്റ്റുകള്‍; ഉറപ്പിച്ച് സിപിഎം മുഖപത്രം

Saturday 12 January 2019 4:04 am IST

ന്യൂദല്‍ഹി: ശബരിമലയില്‍ സര്‍ക്കാര്‍ ഒത്താശയോടെ ആചാരലംഘനം നടത്തിയ യുവതികള്‍ ആക്ടിവിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. ശബരിമലയില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട വാര്‍ത്തയിലാണ് ആക്ടിവിസ്റ്റുകള്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ബിന്ദു ആക്ടിവിസ്റ്റും കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറുമാണെന്ന് വാര്‍ത്തയില്‍ പറയുന്നു. ആചാരലംഘനം ചരിത്രസംഭവമാണെന്ന് പ്രശംസിക്കുന്ന വാര്‍ത്തയില്‍ ഇവരെ ഭക്തരെന്നോ വിശ്വാസികളെന്നോ ഒരിടത്തും വിശേഷിപ്പിക്കുന്നുമില്ല. ഹൈക്കോടതിയില്‍ ഇടത് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിന് വിരുദ്ധമായ നിലപാടാണിത്. 

ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. യുവതികള്‍ വിശ്വാസികളാണോയെന്നും അവര്‍ക്ക് പ്രത്യേക അജണ്ടയുണ്ടോയെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിശ്വാസികളാണെന്നായിരുന്നു മറുപടി. ശബരിമല വിശ്വാസികളുടെ സ്ഥലമാണെന്നും പ്രകടനം നടത്താനുള്ള ഇടമല്ലെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

ആക്ടിവിസ്റ്റുകളെ പോലീസ് സന്നാഹത്തോടെ ശബരിമലയില്‍ കയറ്റി ആചാരലംഘനം നടത്തുന്നതിന് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത് വലിയ വിവാദമായി. മന്ത്രിയെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നതോടെ കടകംപള്ളി നിലപാട് മാറ്റി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.