ഇടതുഫാസിസം ചര്‍ച്ചയാവാത്തതിന് എതിരെ സദസ്സില്‍നിന്ന് ചോദ്യം

Saturday 12 January 2019 4:08 am IST

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ഇടതു സാംസ്‌കാരിക ഫാസിസത്തെ കുറിച്ച് എന്തുകൊണ്ട് ചര്‍ച്ച നടക്കുന്നില്ലെന്ന് ചോദ്യം. 'സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സദസ്സില്‍ നിന്നും ചോദ്യമുയര്‍ന്നത്. 

വലതുപക്ഷ ഫാസിസത്തെ മാത്രം വിമര്‍ശിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ തന്നെ ഇടത് സാംസ്‌കാരിക ഫാസിസമാണെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ മോഡറേറ്ററായ  കവി സച്ചിദാനന്ദനും ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാരായ ആനന്ദ്, ഷാജഹാന്‍ മാടമ്പാട്, സി.എസ്. ചന്ദ്രിക എന്നിവരും ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.

സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലുടനീളം സംഘപരിവാറിനെയും ദേശീയ പ്രസ്ഥാനങ്ങളെയും ഫാസിസ്റ്റുകള്‍ എന്നാക്ഷേപിച്ചുകൊണ്ടുള്ള സംസാരങ്ങളായിരുന്നു നടന്നത്. ഒടുവില്‍ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള അവസരമെത്തിയപ്പോഴാണ് എന്തുകൊണ്ട് ഇടതു ഫാസിസം ചര്‍ച്ച ചെയ്യുന്നില്ല എന്ന ചോദ്യമുയര്‍ന്നത്. ഫാസിസ്റ്റുകളുമായി ചര്‍ച്ചയില്ലെന്നും അസഹിഷ്ണുതയോടാണ് തങ്ങളുടെ അസഹിഷ്ണുത എന്നുമായിരുന്നു സച്ചിദാനന്ദന്റെ മറുപടി. 

വലതുപക്ഷ ഫാസിസത്തോട് സംവദിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയ്ക്കിടയില്‍ വിഘടനവാദവും

'സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ സംവാദകരില്‍ നിന്ന് വിഘടനവാദവും ഉയര്‍ന്നു വന്നു. ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞത്. കേരളത്തില്‍ ഇടതുപക്ഷമാണ് ഭരണം കൈയാളുന്നത് എന്നതിനാല്‍ അധികാരരാഷ്ട്രീയത്തിന്റെ പ്രശ്‌നത്തിലല്ല കേരളത്തെ ഇന്ത്യയില്‍ നിന്ന് രക്ഷിക്കേണ്ടത് എന്ന് വ്യക്തമാണ്. സ്വാഭാവികമായും ഇന്ത്യ എന്ന രാജ്യത്തില്‍ നിന്ന് കേരളത്തെ വേര്‍പെടുത്തുക എന്ന പഴയ ബഹുരാഷ്ട്രവാദത്തില്‍ നിന്ന് വിഘടനവാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകളെത്തിയതിന്റെ സൂചനയിലേക്കാണ് ഈ പ്രസ്താവം വിരല്‍ചൂണ്ടുന്നത്. അതിനിടയില്‍ കേരളം ഒരു സംസ്ഥാനമല്ല, രാജ്യം തന്നെയാണ് എന്ന പ്രസ്താവന സച്ചിദാനന്ദനും നടത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.