തെരഞ്ഞെടുപ്പിന് കാഹളം

Saturday 12 January 2019 4:11 am IST

ന്യൂദല്‍ഹി: 2014 ജനുവരിയിലാണ് 'ഇത്തവണ മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ ദേശീയ കൗണ്‍സില്‍ ദല്‍ഹി രാംലീലാ മൈതാനത്ത് ചേര്‍ന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം അതേ വേദിയില്‍ മറ്റൊരു ദേശീയ കൗണ്‍സില്‍ ഇന്നലെ ആരംഭിക്കുമ്പോള്‍ 'വീണ്ടും മോദി സര്‍ക്കാര്‍ എന്നാണ്' ബിജെപിയുടെ മുദ്രാവാക്യം. നായകന്‍ മോദി തന്നെയാണെന്ന ഔദ്യോഗിക പ്രഖ്യാപനം കൂടിയാണിത്. ആരാണ് നിങ്ങളുടെ നേതാവെന്ന് വിശാല സഖ്യത്തോട് മോദിയെ സാക്ഷിയാക്കി അമിത് ഷാ ചോദിക്കുകയും ചെയ്തു. ആവേശത്തോടെയുള്ള അണികളുടെ ഹര്‍ ഹര്‍ മോദി വിളികളാല്‍ ഇടയ്ക്ക് പ്രസംഗം തടസ്സപ്പോള്‍ ചിരിച്ചുകൊണ്ട് ഷാ പറഞ്ഞു-കാത്തിരിക്കൂ അദ്ദേഹം സംസാരിക്കും. 

 കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണവും മോദിയുടെ സ്വീകാര്യതയുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണായുധങ്ങളെങ്കില്‍ ഇത്തവണ മോദിയും മോദിയുടെ ഭരണനേട്ടങ്ങളുമാണ്. ഇവയില്‍ ഊന്നിയായിരുന്നു അമിത് ഷായുടെ ഉദ്ഘാടന പ്രസംഗവും. മോദിയെപ്പോലെ ജനകീയനായ നേതാവ് ലോകത്തെവിടെയുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ദേശീയ അധ്യക്ഷന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് വിവരിച്ചു. മിന്നലാക്രമണം, സാമ്പത്തിക സംവരണം, സാമൂഹിക ക്ഷേമ പദ്ധതികള്‍, റഫാല്‍ കരാര്‍, കോണ്‍ഗ്രസ്സിന്റെ അഴിമതികള്‍, ഭീകരാക്രമണങ്ങളിലെ കുറവ് തുടങ്ങിയവയാകും പ്രചാരണ വിഷയങ്ങളെന്നും ഷായുടെ പ്രസംഗം വ്യക്തമാക്കി. 

 ദേശീയ കൗണ്‍സിലോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. താഴേത്തട്ടിലുള്ള പ്രവര്‍ത്തനത്തിനും ഗൃഹസമ്പര്‍ക്കത്തിനും മുന്‍തൂക്കം നല്‍കാനാണ് അമിത് ഷായുടെ നിര്‍ദ്ദേശം. ഓരോ സംസ്ഥാനങ്ങളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി വരുന്നു. വിശാല സഖ്യം ഭീഷണിയാകുന്ന മണ്ഡലങ്ങളില്‍ അമ്പത് ശതമാനത്തിലേറെ വോട്ട് നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ആവശ്യം. സാമ്പത്തിക സംവരണ ബില്‍ പ്രതിപക്ഷത്തിനെതിരായ മിന്നലാക്രമണമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇനിയും ഇത്തരത്തിലുള്ള സിക്‌സറുകള്‍ പ്രതീക്ഷിക്കാമെന്ന് പാര്‍ലമെന്റില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. രാമക്ഷേത്രം ഉടന്‍ യാഥാത്ഥ്യമാകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്ന അമിത് ഷായുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ജയ് ശ്രീറാം വിളികളാല്‍ ഏതാനും മിനിറ്റുകള്‍ പ്രസംഗം തടസ്സപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.