അവസരങ്ങള്‍ തുലച്ചത് തോല്‍വിക്ക് കാരണം: കോച്ച്

Saturday 12 January 2019 4:42 am IST

അബുദാബി: ഏഷ്യന്‍ കപ്പ്് ഫുട്‌ബോളില്‍ യുഎഇക്കെതിരായ മത്സരത്തില്‍ അവസരങ്ങള്‍ തുലച്ചതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ കോസ്റ്റന്റെയില്‍ പറഞ്ഞു. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ യുഎഇയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്.

ആദ്യ പകുതില്‍ അദ്ധ്വാനിച്ച് കളിച്ച ഇന്ത്യ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ ഈ അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ടീം പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ കിട്ടിയ അവസരങ്ങള്‍ മുതലാക്കി. ടീം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. എന്നാല്‍ യുഎഇക്കെതിരെ അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ സമനിലയെങ്കിലും നേടാമായിരുന്നെന്ന് കോച്ച് വ്യക്തമാക്കി.

തോല്‍വിയില്‍ കളിക്കാരെല്ലാം കടുത്ത നിരാശയിലാണ്. ഇനി ഒരു മത്സരം കൂടിയുണ്ട്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ അവസരങ്ങള്‍ ഗോളാക്കി ജയിച്ചുകയറാമെന്ന് പ്രതീക്ഷയിലാണ് കോച്ച്.

യുഎഇ ഗോളടിക്കുന്നതിന് മുമ്പ് സുനില്‍ ഛേത്രിക്ക് അവസരം ലഭിച്ചതാണ്. പക്ഷെ ആതിഥേയരുടെ ഗോള്‍ കീപ്പര്‍ ഖാലിദ് ഐസ ഛേത്രിയുടെ ശ്രമം പരാജയപ്പെടുത്തി. ഇടവേളയ്ക്ക് മുമ്പ് മുബാറക്ക് യുഎഇയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ മാബ്‌ഖോട്ട് അവരുടെ രണ്ടാം ഗോളും നേടി.

തിങ്കളാഴ്ച ഇന്ത്യ ബഹ്‌റിനെ നേരിടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക്് പ്രീ ക്വാര്‍ട്ടറില്‍ കടക്കാനാകും. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയും നേടിയ യുഎഇ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയും തായ്‌ലന്‍ഡും മൂന്ന് പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്താണ്.

1964 ലാണ് ഇന്ത്യ ഏഷ്യന്‍ കപ്പില്‍ അരങ്ങേറിയത്. അന്ന് രണ്ടാം സ്ഥാനക്കാരായി. അതിനുശേഷം ഇതുവരെ ഇന്ത്യക്ക് രണ്ടാം റൗണ്ടിലെത്താനായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.