ആലപ്പാട് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Saturday 12 January 2019 10:39 am IST

കൊല്ലം :  ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാനത്ത് അശാസ്ത്രീയമായ ഖനനം പാടില്ലെന്ന നിലാപാടാണ് സര്‍ക്കാരിന്റേത്. ആലപ്പാടില്‍ നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ നടപ്പാക്കും. കരിമണല്‍ ഖനനത്തിനെതിരെ മുന്‍കൈ എടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും മന്ത്രി പറഞ്ഞു. 

ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പൊതുമേഖലയ്‌ക്കെതിരായി നടക്കുന്ന നീക്കങ്ങള്‍ അനുവദിക്കാനാവില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് വിവാദമായതോടെ പലരും ഇതിനെതിരായി രംഗതെത്തിയതോടെയാണ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അവര്‍ അറിയിക്കുന്നത്. 

ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ആലപ്പാട്, പൊന്‍മന എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടര്‍ ഭൂമി വാങ്ങി കരിമണല്‍ ഖനനം നടത്തി വരികയായിരുന്നു. ഇതിനെ തുടര്‍ന്ന് 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. പൊന്മനയല്‍ 30 വര്‍ഷത്തിനു മുമ്പ് 1500 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ അതിന്റെ മൂന്നിലൊന്ന് കുടുംബങ്ങള്‍ മാത്രമാണ് അവിടെ താമസിക്കുന്നത്. 

കൂടാതെ ആലപ്പാട് നിന്നും അയ്യായിരത്തി മുന്നൂറു കുടുംബങ്ങളും ഒഴിഞ്ഞുപോയി. കായല്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേരഹസ്യമായി വൈകീട്ട് അഞ്ചുമണിക്ക് ശേഷമാണ് ഇവിരെ ഖനനം നടത്തുന്നത്. രണ്ട് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള ഖനനത്തില്‍ കായലിന്റെ ഒരു ഭാഗം തന്നെ ഇല്ലാതായിട്ടുണ്ട്. ഭൂമിയുടെ ആക്ര ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കായല്‍ കൈയേറിയുള്ള ഖനനത്തിന്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാകും. 

അതിനിടെ ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നവര്‍ നാട്ടുകാര്‍ തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ കഴിഞ്ഞദിവസം അറിയിച്ചു. 

പ്രകൃതി നല്‍കുന്ന വന്‍ സമ്പത്താണ് കരിമണല്‍. അത് വേണ്ട വിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയത ഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.