എസ്‌ബിഐ ആക്രമണം: പ്രതികളെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് പോലീസ്

Saturday 12 January 2019 11:05 am IST

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്‌ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് പോലീസ്. കേസില്‍ ഒരു എന്‍‌ജി‌ഒ യൂണിയന്‍ ജില്ലാ നേതാവിനെ കൂടി പ്രതി ചേര്‍ത്തു. ജി‌എസ്‌ടി വകുപ്പിനെ ജീവനക്കാരന്‍ സുരേഷിനെയാണ് പ്രതി ചേര്‍ത്തത്. ഇയാള്‍ ഒളിവിലാണ്. 

കരമനയില്‍ ഓഫീസായ ടാക്സ് ടവേഴ്സിലും വീട്ടിലും സുരേഷ് എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് സ്ഥാപന മേധാവികള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. പ്രതികൾ ഓഫീസിലെത്തിയാൽ ഉടന്‍ അറിയിക്കണമെന്നും പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നൽകും. 

അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടർ, ലാന്റ് ഫോൺ, മൊബെൽ ഫോൺ, ടേബിൾ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു. എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളടക്കം കേസിലെ പ്രതിയാണ്. ഇരുവരും എസ്‌ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കുക്കന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് റിമാന്‍ഡിലായ അശോകന്റെയും ഹരിലാലിന്റെയും ജാമ്യാപേക്ഷ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. അക്രമം അതീവ ഗൌരവമുള്ളതാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. ട്രഷറി മെയിന്‍ ശാഖയ്ക്ക് മുകളില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ബിഐ സിറ്റി ശാഖയിലെ വനിത ജീവനക്കാര്‍ തങ്ങളെ അക്രമികള്‍ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ബാങ്ക് റീജനല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.