യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ട്രംപിനെതിരായി ഹിന്ദുമത വിശ്വാസി തുള്‍സി ഗബ്ബാര്‍ഡും

Saturday 12 January 2019 1:31 pm IST

വാഷിങ്ടണ്‍ : 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎസ് പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം തുള്‍സി ഗബ്ബാര്‍ഡ് ട്രംപിനെതിരെ മത്സരിക്കും. ഡെമോക്രാറ്റ് പക്ഷക്കാരിയായ ഗബ്ബാര്‍ഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച രണ്ടാമത്തെ വനിതയാണ് ഗബ്ബാര്‍ഡ്. 

നാലു തവണ ഹവായില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുള്‍സി യുഎസിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ പ്രശസ്തയാണ്. ചെറുപ്പകാലം തൊട്ടുതന്നെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ഇവര്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭഗവത്ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. 2020ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയാണെങ്കില്‍ യുഎസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യ ഹിന്ദുമതത വിശ്വാസി എന്നീ ബഹുമതികള്‍ ഇവര്‍ക്ക് ലഭിക്കും. 

സെനറ്റര്‍ എലിസബത്ത് വാറനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ നേരത്തെ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെതിരെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥികളുടെ പ്രൈമറികളാണ് ട്രംപിന്റെ എതിരാളികളെ നിശ്ചയിക്കുക. 2020ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.