എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം - മോദി

Saturday 12 January 2019 2:14 pm IST
അഴിമതിമുക്ത ഭാരതമാണ് ബിജെപി ലക്ഷ്യമിടുന്നത്. സുതാര്യവും സത്യസന്ധവുമായ ഭരണം കൊണ്ടുവരാനാണ് ശ്രമിച്ചത്. അത് സാധ്യമായി. ഒരു അഴിമതി പോലും ഇപ്പോള്‍ ഉന്നയിക്കാനാവില്ല. സാധാരണക്കാരന് അനുസൃതമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു.

ന്യൂദല്‍ഹി: എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം ഇതാണ് ബിജെപിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇരുട്ടില്‍ നിന്നും പുറത്തുകൊണ്ടു വരാന്‍ എന്‍‌ഡി‌എ സര്‍ക്കാരിനായി. സത്യസന്ധമായ ഭരണം സാധ്യമാകുമെന്ന് തെളിയിച്ചു. രാജ്യമൊന്നാകെ സത്യസന്ധതയിലേക്ക് നീങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വിഭജന രാഷ്ട്രീയം ഉയര്‍ത്തുന്ന ശക്തികളെ എതിര്‍ക്കേണ്ടതുണ്ട്. നവഭാരതം ലക്ഷ്യമിടുന്ന പ്രധാന അജണ്ട ദാരിദ്യ്ര നിര്‍മാര്‍ജനമാണ്. കര്‍ഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു.  സാമ്പത്തിക സംവരണത്തിന്റെ പേരില്‍ പ്രതിപക്ഷം കുപ്രചരണം നടത്തുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് ബിജെപിയുടെ ലക്ഷ്യം. കര്‍ഷകരെ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മോദി വ്യക്തമാക്കി - ബിജെപിയുടെ ദേശീയ കൌണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

അഴിമതിമുക്ത ഭാരതമാണ് ബിജെപി ലക്ഷ്യമിടുന്നത്. സുതാര്യവും സത്യസന്ധവുമായ ഭരണം കൊണ്ടുവരാനാണ് ശ്രമിച്ചത്. അത് സാധ്യമായി. ഒരു അഴിമതി പോലും ഇപ്പോള്‍ ഉന്നയിക്കാനാവില്ല. സാധാരണക്കാരന് അനുസൃതമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ഉണ്ടായത്. 2004 മുതല്‍ 2014 വരെ രാജ്യത്ത് അഴിമതിയുടെ കുംഭകോണമായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

എന്‍ഡിഎ വിരുദ്ധരാഷ്ട്രീയ സഖ്യത്തെയും മോദി പരിഹസിച്ചു. രാഷ്ട്രീയ സഖ്യം ആദര്‍ശത്തിന്റെ പേരിലാകണം. ഇപ്പോള്‍ മോദി വിരോധത്തിന്റെ പേരിലാണ് സഖ്യം രൂപവല്‍കരിക്കുന്നത്. ഇതാദ്യമാണ് ഒരുവ്യക്തിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുന്നത്. കോണ്‍ഗ്രസിലെ അസംതൃപ്തി മൂലം വേറിട്ടുപോയ പാര്‍ട്ടികളെല്ലാം ഇപ്പോള്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി ഒന്നിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച്‌ ബിജെപിയെ വേട്ടയാടി. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായെ ജയിലിലടച്ചു. എന്നിട്ടും തങ്ങള്‍ സിബിഐക്ക് എതിരെ നിന്നില്ലെന്നും മോദി പറഞ്ഞു. 

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 12 വര്‍ഷത്തോളം യുപിഎ സര്‍ക്കാര്‍ വേട്ടയാടി. ഇക്കാരണത്താല്‍ തങ്ങള്‍ സിബിഐയുടെ പ്രവേശനം സംസ്ഥാനത്ത് തടഞ്ഞിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു ഏജന്‍സി എന്നെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്നാല്‍, കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബം കരുതുന്നത് അവര്‍ നിയമത്തിന് അതീതരാണെന്നാണ്. കോടതിയില്‍ നിന്ന് സമന്‍സ് കിട്ടിയിട്ടും അവര്‍ ഹാജരാകാന്‍ കൂട്ടാക്കുന്നില്ല, മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.