കോടതിവിധി മറയാക്കി ഹൈന്ദവ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുത്തും: സജീവന്‍ മാസ്റ്റര്‍

Saturday 12 January 2019 3:30 pm IST

 

തളിപ്പറമ്പ്: കോടതിവിധിയെ മറയാക്കി ഹൈന്ദവസംസ്‌കാരത്തെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇതിനെ എതിര്‍ത്ത് പരാജയപ്പെടുത്തുമെന്നും ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ പി.സജീവന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവവിശ്വാസികളെ ഒന്നിച്ചുനിര്‍ത്തി ആചാരങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ ഹൈന്ദവ സംഘടനകള്‍ തയ്യാറാണ്. വൈദേശിക ശക്തികള്‍ വര്‍ഷങ്ങളോളം ഭരിച്ചിട്ടും ഭാരതത്തില്‍ ഹിന്ദുസംസ്‌കാരം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. ക്ഷേത്രങ്ങളെയും ക്ഷേത്രവിശ്വാസങ്ങളെയും ഇല്ലാതാക്കാന്‍ പോലീസിന്റെയും മാവോവാദികളുടെയും പിന്തുണയോടെയുള്ള ആസൂത്രിത ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. കേരളത്തിലെ ഹിന്ദുസമൂഹം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കും. കാക്കിക്കുള്ളില്‍ ചുവപ്പ് കയറിയിട്ടുള്ള പോലീസുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെയും കര്‍മ്മസമിതി പ്രവര്‍ത്തകരെയും അയ്യപ്പഭക്തരെയും ഉപദ്രവിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കാല്‍ചുവട്ടിലെ അവസാനത്തെ മണ്ണും ഒലിച്ചുപോകുകയാണെന്നുള്ള തിരിച്ചറിവ് പിണറായി സര്‍ക്കാരിനെ വിറളിപിടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി ജില്ലാ ട്രഷറര്‍ കെ.ടി.വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. എ.പി.ഗംഗാധരന്‍, എപികെ വിനോദ്, പി.വി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.