മാടായി പഞ്ചായത്തിലെ വട്ടത്തോട് നാശത്തിലേക്ക്

Saturday 12 January 2019 3:30 pm IST

 

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പ്രധാന ജലസംഭരണി കൂടിയായ വട്ടത്തോട് മാലിന്യങ്ങള്‍ നിറഞ്ഞ് നാശത്തിന്റെ വക്കില്‍. കോളേജ് ഹോസ്റ്റലുകളില്‍ നിന്നുള്‍പ്പെടെ മലിനജലം തോട്ടിലേക്ക് ഒഴുക്കി വിടുന്നതായാണ് ആക്ഷേപം.

ഒരുകാലത്ത് നിറഞ്ഞ് കവിഞ്ഞ് ഒഴുകി നാടിന്റെ പ്രധാന ജല സംഭരണി ആയിരുന്നു മാടായിയിലെ വട്ടത്തോട്. ജനങ്ങള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ തോടിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളാനുള്ള കേന്ദ്രമായി തോട് മാറിയിരിക്കുകയാണ്. തോടിനു സമീപം കാടുമൂടിയ അവസ്ഥയാണ്. സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഉള്‍പ്പെടെ മലിനജലം തോട്ടിലേക്ക് ഒഴുക്കുന്ന അവസ്ഥയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ മാടായി പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും തയ്യാറാകുന്നില്ലെന്നാണ് പരാതി. ഹോസ്റ്റല്‍ ഉടമയടക്കം മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വാകരിക്കാന്‍ പഞ്ചായത്ത് അധികൃകര്‍ തയ്യാറായിട്ടില്ല.

നാടെങ്ങും ശുചീകരണ പ്രവര്‍ത്തനം നടത്തുമ്പോഴും ഇവിടത്തെ മാലിന്യനിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണ്. അറവുമാലിന്യങ്ങള്‍ കൊണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ് മാടായി ജിന്ന് റോഡില്‍നിന്ന് ആരംഭിച്ച് ചൂട്ടാട് മഞ്ച് വരെയുള്ള വട്ടത്തോട്. തോട് ശുചിയാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.