കുമ്പളയില്‍ നിന്ന് കാണാതായ യുവതിയെ അസമിലെ തീവ്രവാദ മേഖലയില്‍ നിന്ന് കണ്ടെത്തി

Saturday 12 January 2019 3:34 pm IST

 

കുമ്പള: കുമ്പളയില്‍ നിന്ന് കാണാതായ യുവതിയെ കുമ്പള പോലീസ് അസമിലെ ഉള്‍ഫ തീവ്രവാദികളുടെ  കേന്ദ്രമായ മേഖലയില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഒരു മാസം മുമ്പ് കാണാതായ പേരാല്‍ നീരോളിയിലെ 26 കാരിയെയാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്താനായത്. അസം സ്വദേശി ബഷീര്‍ എന്നയാളുടെ ഫോണിലേക്ക് യുവതി പല തവണ വിളിച്ചതായി കണ്ടെത്തി.

എന്നാല്‍ ഫോണ്‍ പലപ്പോഴും സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. അതിനിടെയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ അസം ലൊക്കേഷന്‍ പരിധിയിലുള്ളതായി കണ്ടെത്തുന്നത്. ഇതേ തുടര്‍ന്ന് കുമ്പള സിഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ പോലീസുകാരായ സുനീഷ് കുമാര്‍, സജിത് കുമാര്‍ എന്നിവര്‍ അന്വേഷണത്തിനായി അസമിലേക്ക് തിരിച്ചത്. അസമിലെ നൗകാവ് ജില്ലയിലെ റുപ്പായിഹട്ട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ സഹായവും തേടി.

ഉള്‍ഫ തീവ്രവാദികളുടെ കേന്ദ്രമായ പശ്ചിമ തല്‍പ്പാറയിലെ ബഷീറിന്റെ വീട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. പോലീസ് എത്തും മുമ്പേ ബഷീര്‍ രക്ഷപ്പെട്ടിരുന്നു. കുമ്പള ഭാഗത്ത് ബേക്കറിയില്‍ ജോലി ചെയ്തിരുന്ന ബഷീറുമായി യുവതി പ്രണയത്തിലായിരുന്നുവത്രെ. കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.