വിമാനത്താവളം: ആറ് റോഡുകളുടെ സാധ്യതാ പഠനം പൂര്‍ത്തിയായി

Saturday 12 January 2019 3:36 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് വികസിപ്പിക്കുന്ന ആറ് റോഡുകളുടെ സാധ്യതാ പഠനം പൂര്‍ത്തിയായി. വിമാനത്താവളത്തിലേക്കുള്ള മേലെ ചൊവ്വ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്, കൂട്ടുപുഴ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്, കുറ്റിയാടി പെരിങ്ങത്തൂര്‍ പാനൂര്‍  മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്, തലശ്ശേരി കൊടുവള്ളി മമ്പറം എയര്‍പോര്‍ട്ട് റോഡ്, തളിപ്പറമ്പ് മയ്യില്‍ ചാലോട് റോഡ്, മാനന്തവാടി പേരാവൂര്‍ ശിവപുരം മട്ടന്നൂര്‍ റോഡ് എന്നിവയാണ് വീതികൂട്ടി നവീകരിക്കുന്നത്. 

മേലെചൊവ്വ മട്ടന്നൂര്‍  കൂട്ടുപുഴ റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 17 മീറ്റര്‍ വീതിയില്‍ നവീകരിക്കാനാണ് വകുപ്പുതല ആലോചന. നാലുവരിയായി ഉയര്‍ത്തുന്ന സാഹചര്യത്തിലും 17 മീറ്റര്‍ നിലനിര്‍ത്തുന്ന സാഹചര്യത്തിലും വരുന്ന പ്രത്യാഘാതങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രണ്ട് റിപ്പോര്‍ട്ടും കൈമാറിയതായി അധികൃതര്‍ പറഞ്ഞു. കുറ്റിയാടി പെരിങ്ങത്തൂര്‍ പാനൂര്‍  മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് വകുപ്പുതല അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.   

നിര്‍ദ്ദിഷ്ട റോഡുകള്‍ നാലുവരി ആകുമ്പോള്‍ ഉള്ള വെല്ലുവിളികള്‍ കണക്കിലെടുത്ത് 17 മീറ്ററായി നിലനിര്‍ത്താനാണ് സാധ്യത. നാലുവരിയായി ഉയര്‍ത്തുന്നതോടെ കുടിയൊഴിയേണ്ടി വരുന്ന വ്യാപാരികള്‍ക്ക് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്തുവന്നിരുന്നു. കുടി ഒഴിയുന്ന കട ഉടമയ്ക്കും തൊഴിലാളികള്‍ക്കും ഗുണംചെയ്യുന്ന പാക്കേജ് നടപ്പിലാക്കണമെന്നാണ് അവരുടെ ആവശ്യം. തയ്യാറാക്കിയ സാധ്യതാപഠനറിപ്പോര്‍ട്ടിന് വകുപ്പുതല അംഗീകാരം ലഭിക്കേണ്ടതുണ്ട്. തുടര്‍ന്ന് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കണം. നിലവിലുള്ള റോഡുകളില്‍ കയറ്റം കുറച്ചും വളവുകള്‍ ഒഴിവാക്കിയുമാണ് നവീകരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.