കവിയും അയ്യപ്പനും

Sunday 13 January 2019 3:05 am IST
കവിതയില്‍ കാലത്തിനപ്പുറം സത്യദര്‍ശനമുള്ള കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും അമ്ലതീക്ഷ്ണമായ വരികളില്‍ പകര്‍ന്നുവച്ച ഈ കവി, പ്രണയവും രതിയുമെന്നപോലെ മനുഷ്യന്റെ മൗലിക ചോദനയായ ആത്മീയതയോടും മുഖംതിരിക്കുന്നില്ല. തൊഴിലാളി വര്‍ഗ വിപ്ലവം, വസന്തത്തിന്റെ ഇടിമുഴക്കം എന്നൊക്കെയുള്ള പ്രതീക്ഷകള്‍ കണ്‍മുന്നില്‍ എരിഞ്ഞടങ്ങിയപ്പോഴും കവി പരമാവധി സത്യസന്ധത പുലര്‍ത്തി. കൊടിപിടിക്കുന്ന കമ്യൂണിസ്റ്റ് കറുപ്പുടുത്ത്, രുദ്രാക്ഷ മാലയണിഞ്ഞ് കടുത്ത ഭക്തനാവുന്നതിന്റെ ചിത്രമുണ്ട് 'ഒരു കൂലിപ്പണിക്കാരന്റെ ചിരി' എന്ന കവിതയില്‍. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തി കേരളത്തിന്റെ ആത്മീയ ജീവിതത്തെ അട്ടിമറിക്കാന്‍ അധികാരംകൊണ്ട് ചുവന്ന അഹങ്കാരരൂപങ്ങള്‍ ശ്രമിക്കുമ്പോള്‍ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന ആ കവിതയെക്കുറിച്ച്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ആചാര്യന്‍ പറഞ്ഞതാണ് അനുയായികള്‍ അണികളെ ആദ്യം പഠിപ്പിച്ചത്. ഇത് പാഴ്‌വേലയാണെന്ന് തിരിച്ചറിയാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. അപ്പോഴും പരാജയം സമ്മതിച്ചില്ല. മറ്റൊരു ആചാര്യവചനം പുറത്തെടുത്തു. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും, ആത്മാവില്ലാത്ത ലോകത്തെ ആത്മാവുമാണെന്നായിരുന്നു പുതിയ വെളിപാട്.

മതം മയക്കുമരുന്നാണെന്ന നിലപാട് കയ്യൊഴിഞ്ഞ് അത് ആത്മാവാണെന്ന് സമ്മതിച്ചിട്ടും ഇന്ത്യയിലെ തൊഴിലാളി വര്‍ഗം പക്ഷേ വിപ്ലവത്തിന്റെ പാതയില്‍ അണിനിരന്നില്ല. എന്നുമാത്രമല്ല, സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും സര്‍വസംഹാരക ശക്തിയോടെ നിലനിന്ന സോഷ്യലിസത്തിന്റെ വസന്തകാലത്തും സമത്വസുന്ദരലോകം സ്വപ്‌നംകണ്ട് മാറ്റത്തിന്റെ കാറ്റില്‍ പാറിക്കളിക്കുന്ന ചെങ്കൊടി കയ്യിലേന്താന്‍ മര്‍ദ്ദിതനും ചൂഷിതനും ഒരുക്കമായിരുന്നില്ല. പാഠപുസ്തകങ്ങളിലെ ഉറപ്പ് പാടേ തെറ്റിപ്പോയി.

ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരത്തോടെ അത്യുന്നതങ്ങളിലെവിടെയോ വാണരുളുന്ന സര്‍വശക്തനായി ദൈവത്തെ കാണുന്ന മതസങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമായ, ഈശ്വരന്‍ സ്വന്തം അന്തരാത്മാവല്ലാതെ മറ്റൊന്നുമല്ലെന്ന് വിശ്വസിക്കുക മാത്രമല്ല, അനുഭവിക്കുകയും ചെയ്യുന്ന ഒരു ജനത ഒരിക്കലും വിപ്ലവത്തിന് വിരുന്നൊരുക്കില്ല. ഇവിടെയാണ് പരിപാവനമായ ശബരിമലയും കലിയുഗവരദനായ അയ്യപ്പനും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അടിസ്ഥാനപരമായിത്തന്നെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാര്‍ട്ടിയും കൊടിയും മുദ്രാവാക്യങ്ങളുമൊക്കെ മാറ്റിവച്ച് വര്‍ഷംതോറും മലചവിട്ടുന്ന അയ്യപ്പന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സൗമ്യമായി വെല്ലുവിളിക്കുകയാണ്. കറുപ്പുടുത്ത്, മാലയണിഞ്ഞ് സഖാക്കള്‍ പാര്‍ട്ടി പ്രകടനങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതില്‍ എ.കെ. ഗോപാലനെപ്പോലുള്ള നേതാക്കള്‍ അമര്‍ഷം കൊണ്ടിരുന്നു. ഇത് പാടില്ലെന്ന് വിലക്കുകയും ചെയ്തിരുന്നു. പക്ഷേ, ശരണംവിളികളെ അമര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അപ്പാരറ്റ്‌സുകള്‍ക്ക് കഴിഞ്ഞില്ല.

മണ്ഡല മകരവിളക്കു കാലമായാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ 'മസില്‍ പവര്‍' ആയ ചുമട്ടുതൊഴിലാളികള്‍ പോലും അതുവരെയുള്ള വേഷത്തില്‍ മാറ്റം വരുത്തുന്നു. കറുപ്പുടുത്ത്, നീല ഷര്‍ട്ടും ചുവന്ന തലക്കെട്ടുമായി പ്രത്യക്ഷപ്പെടുന്നു. ചിലരുടെ തലക്കെട്ടുപോലും കറുത്ത തുണികൊണ്ടാവും. രുദ്രാക്ഷമാലയും ഭസ്മക്കുറിയും കൂടിയാവുമ്പോള്‍ സാധാരണനിലയ്ക്ക് വീറും വാശിയും അക്രമവാസനയുമുള്ള ഈ 'വിപ്ലവകാരികള്‍' ശാന്തശീലരായ അയ്യപ്പഭക്തരായി മാറുന്നു! എന്നുമാത്രമല്ല, പല ചെറു നഗരങ്ങളിലും സംഘടിപ്പിക്കാറുള്ള അയ്യപ്പന്‍ വിളക്കുകളെ ഭക്തിസാന്ദ്രമാക്കുന്നതില്‍ ഇവര്‍ വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു. അമര്‍ഷംകൊള്ളാനേ നേതാക്കള്‍ക്ക് നിവൃത്തിയുള്ളൂ.

ഈ മാറ്റത്തിന്റെ ലാവണ്യാനുഭൂതി പകരുന്നതാണ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, 1982-ല്‍ എഴുതിയ 'ഒരു കൂലിപ്പണിക്കാരന്റെ ചിരി' എന്ന കവിത.  ജാതീയമായ ബലതന്ത്രത്തില്‍ കെ.ആര്‍. ഗൗരിയമ്മ  സിപിഎമ്മില്‍നിന്ന് പുറത്തായപ്പോള്‍ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയുണ്ടായി.

''മതി ഗൗരിയമ്മേ, 

കൊടി താഴെ വയ്ക്കാം. 

ഒരു പട്ടുടുക്കാം. 

മുടിക്കെട്ടഴിക്കാം. 

ഉടവാളെടുക്കാം. 

കൊടുങ്ങല്ലൂര്‍ ചെന്നാല്‍ 

ഒരു കാവുതീണ്ടാം'' 

എന്നാണ് കവി എഴുതിയത്. ഇതിനും ഒരു വ്യാഴവട്ടം മുന്‍പാണ് പ്രത്യയശാസ്ത്രത്തിനും പാര്‍ട്ടി നേതൃത്വത്തിനും പിടികൊടുക്കാതെ ഒരു ദിനം മാലയും കരിമുണ്ടുമായി ശരണം വിളിച്ചുകൊണ്ടെത്തുന്ന തൊഴിലാളിയുടെ ചിത്രം ചുള്ളിക്കാട് വരച്ചിട്ടത്.

ദാരിദ്ര്യം ഭക്ഷിച്ചു ജീവിക്കുന്ന വഴിപ്പണിക്കാരന്‍ കവിയുടെ അയല്‍ക്കാരനാണ്. വൈകുന്നേരങ്ങളില്‍ വിണ്ടുകീറിച്ചുളിഞ്ഞ ആ ശരീരം ചാരായത്തിന്റെ ലഹരിയില്‍ വീട്ടിലേക്കുള്ള അരിയും പരിപ്പുമായെത്തുമ്പോള്‍ മിണ്ടുവാന്‍ ഭാവിച്ച് കവി കാത്തുനിന്നിട്ടുണ്ട്. ഒരു ദിവസം പെരുകുന്ന ജാഥയ്ക്കുപിന്നില്‍ അവകാശബോധത്തില്‍ അവന്‍ കുതറുന്ന കാഴ്ചയും കണ്ടു. ഈ സമരം കൂലിവര്‍ധനയ്ക്കു വേണ്ടിയുള്ളതാണെന്ന് തെറ്റിദ്ധരിച്ച അവനോട്, പുതിയ ലോകത്തിന്റെ പിറവിക്കുവേണ്ടിയാണെന്ന് കവി ഓര്‍മപ്പെടുത്തുന്നു. അപ്പോള്‍ ദുരൂഹമായൊരു ചിരിയാണ് അയാള്‍ സമ്മാനിച്ചത്.

അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ ശരണംവിളിച്ചുകൊണ്ടെത്തിയപ്പോള്‍ കവിക്ക് കലികയറി. ദൈവങ്ങളൊക്കെ ഉപരിവര്‍ഗത്തിന്റെ മിഥ്യയാണെന്ന് തിരുത്താന്‍ ശ്രമിച്ചു. നിന്റെ മോചനം നിന്നെ മാത്രം ആശ്രയിച്ചാണിരിക്കുന്നതെന്ന് ഉല്‍ബോധിപ്പിക്കുകയും ചെയ്തു. അപ്പോഴും 'കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും എന്നോളമായാലടങ്ങും' എന്നുപറഞ്ഞ് പതിവുചിരിയോടെ ഉച്ചത്തില്‍ ശരണം (മുദ്രാവാക്യമല്ല) വിളിച്ചുപോവുകയാണയാള്‍.

'ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍' എന്ന സമാഹാരത്തിലാണ് 'ഒരു കൂലിപ്പണിക്കാരന്റെ ചിരി'യുള്ളത്. അവതാരിക എഴുതിയ കവി സച്ചിദാനന്ദന്‍ ഈ കവിതയെ വിലയിരുത്തി ഇങ്ങനെ പറയുന്നു: ''പുസ്തകങ്ങള്‍ തൊഴിലാളിക്ക് നല്‍കുന്ന കാല്‍പ്പനിക പരിവേഷം മിഥ്യയാണെന്നും, പണി കഴിഞ്ഞെത്തുന്നവന്റെ 'ദുരിത ദുര്‍ഗ്ഗന്ധം' മാത്രമാണ് സത്യമെന്നും കവി കണ്ടെത്തുന്നു. സൂക്ഷ്മമായ മനുഷ്യഭാഗധേയമോര്‍ത്ത് കവി ദുഃഖിതനാകുമ്പോഴും അവന്‍ ജീവിതത്തിന് സ്വസ്ഥമായുരുളാന്‍ പുതുപാതകള്‍ തീര്‍ക്കുകയും ചെയ്യുന്നു. കവിയുടെയും വിപ്ലവകാരിയുടെയും കാല്‍പ്പനികത തൊഴിലാളിയുടെ പച്ച യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അലിഞ്ഞുപോകുന്നതാണ് നാമിവിടെ കാണുക. മധ്യവര്‍ഗ്ഗ തീവ്രവാദം സമൂഹത്തില്‍നിന്ന് പിന്‍വാങ്ങാനാരംഭിച്ച ഒരു ഘട്ടത്തിലാണ് ഈ കവിത എഴുതപ്പെട്ടതെന്നും ശ്രദ്ധിക്കുക.''

കൊടിപിടിക്കുന്ന കമ്യൂണിസ്റ്റ് കറുപ്പുടുത്ത്, രുദ്രാക്ഷ മാലയണിഞ്ഞ് കടുത്ത ഭക്തനാവുന്നതിന്റെയും, വിപ്ലവമുദ്രാവാക്യങ്ങള്‍ ശരണം വിളിക്ക് വഴിമാറുന്നതിന്റെയും പൊരുളറിയാന്‍ കവി ശ്രമിക്കുന്നുണ്ടെങ്കിലും നിരൂപകന്‍ അതിന് മെനക്കെടുന്നില്ല. കവിയുടെ സത്യബോധം അന്യമായിരിക്കുന്നതും, രാഷ്ട്രീയ പക്ഷപാതം കയ്യൊഴിയാനാവാത്തതും  ഇതിന് കാരണമാവാം.

മതത്തോടുള്ള മാര്‍ക്‌സിസ്റ്റ് കണ്‍ഫ്യൂഷനാണ് ശബരിമലയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് മാര്‍ക്‌സിസം-ലെനിനിസത്തിന്റെയും മാവോ ചിന്തയുടെയുമൊക്കെ അനുഭവങ്ങളിലൂടെ കടന്നുവന്ന ഡോ. ഇ. ബാലകൃഷ്ണന്‍ പറയുന്നു. മതത്തിന്റെ ചട്ടക്കൂടിനപ്പുറം അത് പ്രതിനിധാനം ചെയ്യുന്ന ആത്മീയതലം കാണാന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്മാര്‍ക്ക് കഴിയുന്നില്ല. ഇസങ്ങള്‍ക്കപ്പുറമുള്ള ഈ അനുഭൂതി നുകരാന്‍ ബുദ്ധിപരതയല്ല, മാനസിക നൈര്‍മല്ല്യമാണ് വേണ്ടത്. പാര്‍ട്ടിക്കാരനായിരിക്കുമ്പോഴും ജീവിതത്തെ നിഷ്‌കളങ്കമായി സമീപിക്കുന്ന സാധാരണ തൊഴിലാളിക്ക് ഇതിന് കഴിയുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നതിലാണ് ചുള്ളിക്കാടിന്റെ കവിതയുടെ സാഫല്യം.

''മതം മനുഷ്യന്റെ ഉള്ളിലുള്ളതാണ്. പുറമെനിന്ന് വച്ചുകെട്ടുന്നതല്ല. സാമ്പത്തിക വീക്ഷണത്തിലൂടെ മാത്രം നോക്കിക്കാണുന്നതിനാലാണ് മതാന്തര്‍ഗതമായ ആത്മീയത തിരിച്ചറിയാന്‍ മാര്‍ക്‌സിസ്റ്റുകളെ അശക്തരാക്കുന്നത്. ചിന്തിക്കുന്ന മനുഷ്യന് ദൈവാന്വേഷണമുണ്ട്. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ സംഭവിക്കുന്ന ചിന്താശൂന്യതയാണ് പലരെയും ആത്മീയതയില്‍നിന്ന് അകറ്റുന്നത്. യുക്തികൊണ്ടു മാത്രം മനുഷ്യന് ജീവിക്കാനാവില്ലെന്ന് 'ദ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്' എന്ന ഗ്രന്ഥത്തില്‍  ഡോ. എസ്. രാധാകൃഷ്ണന്‍ ശരിയായിത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

''വിവേകം വളരാത്തതാണ് ചിലരുടെ 'യുക്തിവാദ'ത്തിന് കാരണം. യുക്തിവാദവും യുക്തിബോധവും രണ്ടാണ്. യുക്തിബോധത്തിലൂടെ ഒരുവന് ആത്മീയതയില്‍ ചെന്നെത്താനാവും. തനിക്കുപരി ഒരു ശക്തിയില്ലെന്ന് വിവേകമുള്ള മനുഷ്യന് ഒരിക്കലും കരുതാനാവില്ല. നമുക്കുള്ള കഴിവും അപാരമായ പ്രപഞ്ച ബോധവും ചേരുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണത പ്രാപിക്കുക. അറിവിന്റെ ആഴങ്ങളിലേക്ക് എത്തിനോക്കുന്ന ശാസ്ത്രജ്ഞന്‍ പോലും ഈശ്വരാ എന്നു വിളിച്ചുപോകും. ഈ സത്യദര്‍ശനം യഥാര്‍ത്ഥ കവിക്കും സാധ്യമാണ്.'' 'ദ ഹിസ്റ്ററി ഓഫ് കമ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ കേരള' എന്ന ഗ്രന്ഥമെഴുതിയ ഡോ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

കടന്നുകാണുന്നവനാണ് കവി. മഹാകവികള്‍ എന്ന് വിളിപ്പേരുള്ളവര്‍ക്കെല്ലാം ഇതിന് കഴിയണമെന്നില്ല. യഥാര്‍ത്ഥ കവി കാലത്തിനപ്പുറം സത്യദര്‍ശനം നേടുന്നു. 'ഒരു കൂലിപ്പണിക്കാരന്റെ ചിരി'യിലൂടെ ചുള്ളിക്കാട് മൂന്നരപ്പതിറ്റാണ്ടു മുന്‍പേ തിരിച്ചറിഞ്ഞ, അന്നത്തെയും ഇന്നത്തെയും കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത, മനുഷ്യന്റെ മൗലികമായ ആത്മീയചോദനയുടെ മഹാദര്‍ശനമാണ് ശബരിമല കാഴ്ചവയ്ക്കുന്നത്. ചുള്ളിക്കാടിന്റെ കവിതയിലെ കൂലിപ്പണിക്കാരന്‍ ഇന്ന് ഒരാളല്ല, ആയിരക്കണക്കിനാണ്.

കവി ഇവരെ കാണുന്നുണ്ടോ?

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് 1982-ല്‍ എഴുതിയതും 'ചുള്ളിക്കാടിന്റെ കവിതകള്‍' എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളതുമായ 'ഒരു കൂലിപ്പണിക്കാരന്റെ ചിരി' എന്ന കവിത

അയലത്തെ വീട്ടിലാ-

ണെങ്കിലും നീയെനി-

ക്കപരിചിതനോ! കാലചക്രം

 

പൊടിതീര്‍ത്തു പായുവാന്‍

ഭൂമിയുടെ പാതകള്‍

പണിയും വഴിപ്പണിക്കാരാ!

 

നഗരത്തിലേക്കുള്ള

വണ്ടിക്കു നീ മക്ക-

ളുണരുന്നതിന്‍മുന്‍പു പോകും.

 

ടാറിന്‍ കരിംപുക

കുടിച്ചു വെയിലാല്‍ വിണ്ടു-

കീറിച്ചുളിഞ്ഞ മെയ്യോടെ,

 

അടിവെച്ചു ചാരായ

ലഹരിയിലിരുട്ടുമ്പൊ-

ഴരിയും പരിപ്പുമായെത്തും. 

 

രണ്ട്

പല പുസ്തകങ്ങളില്‍

നിന്നെക്കുറിച്ചുള്ള

പരമാര്‍ത്ഥമേ ഞാന്‍ തിരഞ്ഞു

നഗരങ്ങള്‍, ചരിതങ്ങ-

ളൊക്കെയും നീ തന്നെ

പണിചെയ്തതാണെന്നറിഞ്ഞു

 

കൊടിയായ കൊടിയൊക്കെ

നിന്റെ ചെഞ്ചോരയാല്‍

പശയിട്ടതാണെന്നറിഞ്ഞു.

 

വരുവാനിരിക്കും

വസന്തകാലത്തിന്റെ-

യധിപനും നീയെന്നറിഞ്ഞൂ.

 

പലവട്ടമന്തിക്കു

നിന്നോടു മിണ്ടുവാന്‍

പരിചയം ഭാവിച്ചു വന്നു.

 

മൂന്ന്

തകരവിളക്കിന്റെ 

ചുറ്റിലും കുഞ്ഞുങ്ങള്‍

തറയും പറയും പഠിക്കെ,

 

നിത്യദുഃഖത്തിന്റെ

യാദ്യപാഠം ചൊല്ലി-

യത്താഴവും കാത്തിരിക്കെ,

 

അരികത്തു കെട്ടിയോള്‍

കണ്ണുനീറിക്കൊണ്ടു

കരിയടുപ്പൂതിത്തെളിക്കെ.

 

ചെറുബീഡി ചുണ്ടത്തു

പുകയുന്ന നിന്നുള്ളി-

ലെരിയുന്ന ചിന്തയെന്താവാം?

 

അല്ലെങ്കിലിന്നിന്റെ

ചിതയില്‍ നിന്‍ മോഹങ്ങ-

ളെല്ലാം ദഹിക്കുന്നതാവാം.

 

നാല്

ഒരുനാള്‍ കൊടുമ്പിരി-

ക്കൊള്ളുന്ന പാതയില്‍

പെരുകുന്ന ജാഥയ്ക്കു പിന്നില്‍

 

കൊടിപിടിച്ചവകാശ-

ബോധത്തിലാര്‍ത്തു നീ

കുതറുന്ന കാഴ്ച ഞാന്‍ കണ്ടു.

 

വെറുതേ തിരക്കിനേന്‍:

എന്തിനാണിന്നത്തെ

സമരം? ഭരിക്കുവാനാണോ?

 

''കര്‍ക്കടകവറുതിക്കു

കൂലി കൂട്ടിത്തരാ

നൊത്തിരി മിരട്ടണം കുഞ്ഞേ.''

 

''മായാ'' പറഞ്ഞു ഞാന്‍,

പുതിയ ലോകത്തിന്റെ

പിറവിക്കുവേണ്ടിയാണല്ലോ

 

കൊടിപിടിക്കേണ്ടതും

കൊലവിളിക്കേണ്ടതും

കൊതിവിട്ടു ജീവന്‍ കൊടുത്തും.

 

തെളിവറ്റ മിഴി താഴ്ത്തി

അതിലും ദുരൂഹമൊരു

ചിരിയെനിക്കേകി നീ പോയി.

 

ഒരു ചിരി! എന്തതി-

ന്നര്‍ത്ഥമെന്നോര്‍ത്തു ഞാന്‍

പലരാത്രി നിദ്രകള്‍ കടഞ്ഞു.

 

ഒരു പുസ്തകത്തിലും 

നിന്റെ സങ്കീര്‍ണമാം

ചിരിയുടെ പരമാര്‍ത്ഥമില്ല.

 

അഞ്ച്

ഒരു ദിനം മാലയും

കരിമുണ്ടുമായി നീ

ശരണം വിളിച്ചുകൊണ്ടെത്തി

 

കലികയറി നിന്നോടു

ചൊല്ലി ഞാന്‍ ''ദൈവങ്ങ-

ളുപരിവര്‍ഗ്ഗത്തിന്റെ മിഥ്യ.

 

ഒരു ദൈവപുത്രനും 

നിന്നെത്തുണയ്ക്കുവാന്‍

വരികില്ല, കാത്തിരിക്കേണ്ട.

 

നീ മാത്രമേയുള്ളൂ

നിന്റെ മുക്തിക്കു, നിന്‍

നീതിബോധംതന്നെ ശരണം.''

 

''കുഞ്ഞേ, ചെറുപ്പത്തി-

ലിതിലപ്പുറം തോന്നും

എന്നോളമായാലടങ്ങും.''

 

പരിഹാസമോ! പതിവു

ചിരിയോടെയുച്ചത്തില്‍

ശരണംവിളിച്ചു നീ പോയി

 

ഒരു പുസ്തകത്തിലും

നിന്റെയീ ഗൂഢമാം

ചിരിയുടെ പൊരുള്‍ മാത്രമില്ല

 

പല ചരിത്രങ്ങളില്‍

നിനക്കുള്ള കാല്‍പനിക

പരിവേഷമെന്തൊരഭിരാമം!

 

പണികഴിഞ്ഞെത്തുന്ന

നിന്റെയുടലിന്നുള്ള

ദുരിതദുര്‍ഗ്ഗന്ധമേ സത്യം

 

അതിസൂക്ഷ്മമാം മര്‍ത്ത്യ

ഭാഗധേയത്തിന്റെ

ഗതിയോര്‍ത്തു ദുഃഖം നടിക്കെ.

 

തളരാത്ത കൈകളാല്‍

നീ തീര്‍ത്ത പാതകളി-

ലുരുളുന്നു ജീവിതം വീണ്ടും.

മുരളി പാറപ്പുറം (muralijnbi@gmail.com)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.