ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

Saturday 12 January 2019 5:49 pm IST

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഔദ്യോഗിക ജീവിതം ചിത്രീകരിച്ചിട്ടുള്ള ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. സഹിഷ്ണുതയുടെ വക്താക്കളെന്ന് അവകാശപ്പെടുകയും നാടൊട്ടുക്ക് അസഹിഷ്ണുതയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ തിയേറ്ററിലെ സ്‌ക്രീന്‍ വലിച്ചു കീറി. കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററാണ് വെള്ളിയാഴ്ച രാത്രി ആക്രമിച്ചത്. 

കോണ്‍ഗ്രസ് പതാകയുമായി തിയേറ്ററില്‍ അതിക്രമിച്ചു കടന്ന അവര്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. അകത്തുകടന്ന് സ്‌ക്രീന്‍ വലിച്ചു കീറി. ഫസ്റ്റ് ഷോ തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. തീയേറ്റര്‍ വിട്ടില്ലെങ്കില്‍ പ്രശ്‌നമാകുമെന്ന് പറഞ്ഞ് കാണികളെ ഭീഷണിപ്പെടുത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അവമതിക്കുന്നചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നും ഭീഷണിപ്പെടുത്തി. 

സിനിമ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്ങ് എന്നിവരെ അവഹേളിക്കുന്നതാണ്. അത് തടയും. കോണ്‍ഗ്രസ് നേതാവ് രാകേഷ് സിങ്ങ് പ്രഖ്യാപിച്ചു. പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്ത ശേഷം സിനിമ പ്രദര്‍ശിപ്പിച്ചു. എന്തു പ്രശ്‌നം ഉണ്ടായാലും പ്രദര്‍ശനം അവസാനിപ്പിക്കില്ലെന്നും തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. 

തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപ്പൂരിലെ തിയേറ്ററിന്റെ പുറത്തും കോണ്‍ഗ്രസുകാര്‍ പ്രശ്‌നമുണ്ടാക്കി. സിലിഗുഡിയിലും ഒരു തിയേറ്ററിനു പുറത്ത് അവര്‍ ബഹളമുണ്ടാക്കി, ബിജെപിയാണ് സിനിമയ്ക്ക് പണം മുടക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സിനിമ തങ്ങളെ മുറിവേല്‍പ്പിച്ചെന്നും കോണ്‍ഗ്രസുകാര്‍ വിലപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.