ബാങ്ക് ആക്രമണത്തില്‍ നടപടി: എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

Saturday 12 January 2019 7:02 pm IST
ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ എന്‍ജിഒ നേതാക്കളായ പ്രതികളെ സംരക്ഷിച്ച് പോലീസും സിപിഎമ്മും സര്‍ക്കാരും. പ്രധാന പ്രതികള്‍ തിരുവനന്തപുരത്തുണ്ടെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതികളെ തൊടാന്‍ പോലീസിന് പേടി.

തിരുവന്തപുരം: അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തി റിമാന്‍ഡിലായ രണ്ട് എന്‍ജിഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍.

യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാല്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ട്രഷറി ഡയറക്‌ടേറിയറ്റിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്നു അശോകന്‍. പത്മവിലാസം ടെക്‌നിക്കല്‍ ഡയറക്ടറേറ്റിലെ അറ്റന്‍ഡറായിരുന്നു ഹരിലാല്‍.

ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ എന്‍ജിഒ നേതാക്കളായ പ്രതികളെ സംരക്ഷിച്ച് പോലീസും  സിപിഎമ്മും സര്‍ക്കാരും. പ്രധാന പ്രതികള്‍ തിരുവനന്തപുരത്തുണ്ടെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതികളെ തൊടാന്‍ പോലീസിന് പേടി.

പ്രതികളെ ഓഫീസുകളില്‍ പ്രവേശിപ്പിക്കരുതെന്ന് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതൊഴിച്ചാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നാളെ നല്‍കും.

സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സംരക്ഷണത്തോടെയാണ് പ്രതികള്‍ തിരുവന്തപുരത്ത് പോലീസിന്റെ മൂക്കിന് താഴെ ഒളിവില്‍ കഴിയുന്നത്. ബാങ്ക് ആക്രമണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന  എന്‍ജിഒ യൂണിയന്‍ സംസ്ഥാന നേതാവും വാണിജ്യനികുതി കമ്മീഷണര്‍ ഒാഫീസിലെ ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബുവിനെയും ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറായ സുരേഷിനെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടും പോലീസ് ഇവരെ പരമാവധി സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍, അനില്‍ കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവത്സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികളെന്ന് പോലീസ് പറയുന്നത്.

പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സിപിഎം രണ്ടുപേരെ പോലീസിന് മുന്നില്‍ ഹാജരാക്കിയതല്ലാതെ പോലീസ് മുന്‍കൈ എടുത്ത് ആരെയും പിടികൂടിയില്ല. പ്രധാന ഇടതുനേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതേ ഉള്ളുവെന്നും, ഇവര്‍ ഒളിവിലാണെന്നുമാണ് അറസ്റ്റ് വൈകുന്നതിന് കാരണമായി പോലീസ് പറയുന്നത്.

ആക്രമണത്തില്‍ ബാങ്കിന് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടര്‍, ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.