കേരളാ ബാങ്കിന് കേന്ദ്രത്തിന്റെ മൂക്കുകയര്‍

Sunday 13 January 2019 4:28 am IST

ഒടുവില്‍ സഹകരണമേഖലയിലെ ജനാധിപത്യ ധ്വംസനത്തിന് കേന്ദ്രത്തിന്റെ മൂക്കുകയര്‍. സ്വേച്ഛാധിപത്യത്തോടെ കൊട്ടിഘോഷിച്ച കേരളാബാങ്കിന്റെ ഭരണസമിതിയുടെ ഘടനയ്ക്ക് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്) വ്യക്തമായ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ബാങ്കുകളിലെ വോട്ടിങ്ങ് അവകാശം സസ്‌പെന്‍ഡ് ചെയ്ത വായ്‌പ്പേതര സംഘങ്ങളെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തണം എന്നതാണ് നിര്‍ദ്ദേശം. ഇതോടെ പതിനയ്യായിരത്തോളം സംഘങ്ങളെ പടിക്ക് പുറത്താക്കി എക്കാലത്തേക്കും കേരളാബാങ്കിന്റെ ഭരണം കൈയ്യാളമെന്ന ഇടത് സ്വപ്‌നം തകര്‍ന്നു.

ഇടത് പക്ഷം ഇല്ലാത്ത ഭരണസമതി വരികയാണെങ്കില്‍ കേരളാബാങ്ക് എന്ന ആശയം ത്രിശങ്കുവിലാകുമെന്ന അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരത്തിനായി നല്‍കിയ ഡിപിആര്‍ പരിശോധിച്ച് ശുപാര്‍ശയോടെ സമര്‍പ്പിക്കാനായി അപേക്ഷ നബാര്‍ഡിനാണ് റിസര്‍വ് ബാങ്ക് കൈമാറിട്ടുള്ളത്. അതിനാല്‍ത്തന്നെ നബാര്‍ഡിന്റെ തീരുമാനം സംസ്ഥാനം പാലിക്കേണ്ടിവരും.

ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന 13 ജില്ലാ ബാങ്കുകളെയാണ് കേരള ബാങ്കിന് അനുകൂല തീരുമാനം എടുക്കാനായി പിരിച്ചുവിട്ടത്. ജനാധിപത്യവിരുദ്ധമായ ആ നടപടി എടുത്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ വായ്‌പ്പേതര സംഘങ്ങളുടെ ജില്ലാബാങ്കിലെ വോട്ടവകാശം സര്‍ക്കാര്‍ ഉത്തരവിലൂടെ റദ്ദാക്കി. ജില്ലാബാങ്കുകളുടെ ലയന തീരുമാനത്തിന് മുന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതായി അടുത്ത തടസ്സം. അത് മറികടക്കാന്‍ അടുത്ത ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് നബാര്‍ഡ് തീരുമാനം വന്നത്.

കേരളത്തിലെ സഹകരണ മേഖലയിലെ കാര്‍ഷിക വായ്പാ ധനകാര്യ സംഘങ്ങളെ തകര്‍ത്ത് വാണിജ്യ ബാങ്ക് ഉണ്ടാക്കി സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ തന്നിഷ്ടം പോലെ ചെലവാക്കാനുള്ള ഫാസിസ്റ്റ് നടപടികളാണ് ഇപ്പോള്‍ സര്‍ക്കാറിന് വൈതരണിയായത്. സഹകരണ ബാങ്കുകളെ തകര്‍ത്ത് വാണിജ്യബാങ്ക് രൂപീകരിക്കുന്നതിനെ സിപിഎമ്മിലെ തന്നെ വലിയൊരു വിഭാഗം എതിര്‍ക്കുന്നുണ്ടെങ്കിലും മുഖ്യന്ത്രിയുടെ അപ്രീതി ഭയന്ന് അവര്‍ മിണ്ടുന്നില്ല.

ഡിസംബറില്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങ് വിളിച്ചുകൂട്ടിയ നബാര്‍ഡിന്റെ ഉന്നതതല മീറ്റിങ്ങില്‍ നബാര്‍ഡ് റീഫിനാന്‍സ് ചെയ്യുന്ന അപ്പെക്‌സ് സംഘങ്ങളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെയും മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. 

വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള അകല്‍ച്ചയും ഈ പ്രതിസന്ധിക്ക് കാരണമാണ്. പതിനാല് ജില്ലാ ബാങ്കും ഒരു സംസ്ഥാന ബാങ്കും പിറക്കാന്‍ പോകുന്ന ബാങ്കില്‍ ലയിക്കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള നിയമ സങ്കേതിക പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും പരിഹരിക്കാനും സഹകരണ വകുപ്പിന് സാധിച്ചില്ല. ഇത് മൂന്നാം തവണയാണ് ബാങ്കിന്റെ ആരംഭം നിശ്ചയിച്ചത്. 

ഏപ്രില്‍ 1ന് എങ്ങനെയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ വേണ്ടി അഞ്ച് ജില്ലാ ബാങ്കുകളെ ഒഴിവാക്കി സംസ്ഥാന സഹകരണ ബാങ്കിന്റെ നിലവിലെ റിസര്‍വ്വ് ബാങ്ക് ലൈസന്‍സില്‍ തല്‍ക്കാലം പ്രവര്‍ത്തിപ്പിക്കാമെന്നതാണ്  സര്‍ക്കാരിന്റെ ആലോചന. ഇതുവഴി പ്രതീക്ഷയറ്റ ഇടത് സഹകാരികളെയും പൊതുജനത്തെയും കബളിപ്പിച്ച് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനായി ചില വിചിത്രമായ നടപടികള്‍ എടുക്കുകയാണ് സര്‍ക്കാര്‍. ഒരു സഹകരണ സ്ഥാപനം മറ്റൊരു സഹകരണ സ്ഥാപനത്തില്‍ ലയിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിയമം മാറ്റി കേവല ഭൂരിപക്ഷം എന്നാക്കിയാല്‍ കോടതിയില്‍ ആ ഉത്തരവ് ചോദ്യം ചെയ്യപ്പെടും എന്നത് നിശ്ചയമായ കാര്യമാണ്.

റിസര്‍വ് ബാങ്കിന് യാതൊരു റഗുലേറ്ററി അധികാരവുമില്ലാത്ത സഹകരണ സ്ഥാപനത്തില്‍ റിസര്‍വ്വ് ബാങ്കിന് വേണ്ടി സംസ്ഥാനം നിയമം അട്ടിമറിക്കുന്നത് റിസര്‍വ്വ് ബാങ്കിനെ കളിയാക്കുന്ന രീതിയില്‍ ലയനം നടത്തിയാല്‍ അത് ആര്‍ബിഐ അംഗീകരിക്കാന്‍ ഇടയില്ല. കാരണം അത് രാജ്യത്തില്‍ തെറ്റായ കീഴ്‌വഴക്കമാകും. ദ്വിതല സഹകരണ സംവിധാനം നിലവില്‍ ഉള്ള ഛത്തീസ്ഗഡില്‍ ആര്‍ബിഐ സംഘങ്ങളുടെ ലയനത്തിന് മുന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന് നിഷ്‌കര്‍ച്ചിട്ടുള്ളതുമാണ്. ഏതായാലും പിണറായി വിജയന് ജനാധിപത്യവിരുദ്ധമായി ഒന്നും നേടിയെടുക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിവുണ്ടാക്കാന്‍ കേന്ദ്രത്തിന്റെ ഈ നടപടി സഹായിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.