ഇരവികുളം ദേശീയോദ്യാനം 20ന് അടയ്ക്കും

Sunday 13 January 2019 3:58 am IST

മൂന്നാര്‍: വരയാടുകളുടെ പ്രജനനം ആരംഭിച്ചതിനാല്‍ ഇരവികുളം ദേശീയോദ്യാനം 20ന് അടയ്ക്കും. സാധാരണയിലും നേരത്തെയാണ്  രാജമലയിലെ പാര്‍ക്ക് ഇത്തവണ അടയ്ക്കുന്നത്. 

ഇതുവരെ ആറ് വരയാട്ടിന്‍ കുട്ടികളെ കണ്ടെത്തിയതായും പ്രജനനം നേരത്തെ ആരംഭിച്ചത് മൂലമാണ് പാര്‍ക്ക് അടയ്ക്കുന്നതെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു. 21 മുതല്‍ പാര്‍ക്കിലേക്ക് പ്രവേശനമുണ്ടാകില്ല. മാര്‍ച്ച് 20ന് രാവിലെ പാര്‍ക്ക് വീണ്ടും തുറക്കാനാണ് തീരുമാനം. പ്രജനനം നോക്കിയ ശേഷം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ലക്ഷ്മി പറഞ്ഞു. സാധാരണയായി രണ്ടുമാസക്കാലമാണ് പാര്‍ക്ക് വരയാടുകളുടെ പ്രജനനത്തിനായി അടയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി 29ന് ആണ് പാര്‍ക്ക് അടച്ചത്. ഏപ്രില്‍ 24ന് ആണ് തുറന്നത്. മൂന്നാറിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാജമല. പാര്‍ക്ക് അടയ്ക്കുന്നതോടെ ഇങ്ങോട്ടുള്ള സഞ്ചാരികളുടെ വരവും കാര്യമായി കുറയും. ഇന്നലെയും മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അവധി തുടങ്ങിയതിനാല്‍ തണുപ്പ് ആസ്വദിക്കാന്‍ തിരക്കേറി വരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.