സ്ത്രീ ശാക്തീകരണം സാധിച്ചു എല്ലാവര്‍ക്കും സാമൂഹ്യനീതി

Sunday 13 January 2019 6:30 am IST

ന്യൂദല്‍ഹി; ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിക്ക് ലോകവ്യാപക അംഗീകാരമാണ് ലഭിച്ചതെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.രാജ്യത്തെ 104 ജില്ലകളിലെ ആണ്‍-പെണ്‍ ലിംഗ അനുപാതത്തില്‍ വലിയ വര്‍ധനവാണ് പദ്ധതി വഴി ഉണ്ടായത്. അമ്പതു ലക്ഷം സ്ത്രീകള്‍ക്ക് പ്രസവാവധിയും 1678 കോടി രൂപയും നല്‍കി.

പ്രസവാവധി ആറുമാസമാക്കി ഉയര്‍ത്തി. രാജ്യത്തെ മൂന്നുലക്ഷം പൊതു സേവന കേന്ദ്രങ്ങളില്‍ 60,000 എണ്ണത്തിന്റെ നടത്തിപ്പ് സ്ത്രീകള്‍ക്കാണ് ലഭിച്ചത്. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ക്ക് ചരിത്രനേട്ടമായി സേവന വേതന വര്‍ധനവ് പ്രഖ്യാപിച്ചു. വ്യോമസേനയില്‍ വനിതാ പൈലറ്റുമാരെ നിയമിച്ചു. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം സാധ്യമാക്കി. മുസ്ലിം സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ മുത്തലാക്ക് നിരോധന നിയമം കൊണ്ടുവന്നതും മോദി സര്‍ക്കാരിന്റെ നേട്ടമാണ്. 

സബ്കാ സാഥ് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ നിര്‍വഹിച്ചത്. ദിവ്യാംഗര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടനാ പദവി നല്‍കിയതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം നല്‍കിയും മോദി സര്‍ക്കാര്‍ ചരിത്രം കുറിച്ചു. 

യുവശക്തിയുടെ സമാവേശം

രാജ്യത്ത് പുതിയ ഏഴ് ഐഐടികള്‍, 14 ഐഐഐടികള്‍, ഒരു എന്‍ഐടി, രണ്ട് ഐഐഎസ്ഇആര്‍, 103 കേന്ദ്രീയ വിദ്യാലയങ്ങള്‍, 62 നവോദയ വിദ്യാലയങ്ങള്‍ എന്നിവ പുതുതായി ആരംഭിച്ചു. 13,000 പരിശീലന കേന്ദ്രങ്ങള്‍ വഴി ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. 15,500 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് ആരംഭിച്ചു. അടല്‍ തിങ്കറിങ് ലാബുകള്‍ ആരംഭിച്ചതും നേട്ടമായി.

തൊഴില്‍ ലഭ്യത ഉയര്‍ത്തി

7.29 ലക്ഷം കോടി രൂപയുടെ മുദ്രാ വായ്പ 15.26 കോടി പേര്‍ക്ക് ലഭ്യമാക്കിയതു വഴി വലിയ തൊഴില്‍ ലഭ്യതയാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഇതില്‍ പകുതി പേര്‍ ആദ്യമായെടുക്കുന്ന വായ്പയാണ് മുദ്രാ വായ്പയെന്നത് പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചതിന്റെ തെളിവാണ്. ഇലക്ട്രോണിക് നിര്‍മാണ മേഖലയിലും പൊതു സേവന മേഖലയിലും വലിയ തൊഴില്‍സാധ്യതകളാണ് ഉണ്ടായത്. 127 മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. 

സാമ്പത്തിക വളര്‍ച്ച 

നികുതിദായകരുടെ എണ്ണം ഏഴു കോടിയായി ഉയര്‍ന്നു. 2013-14ല്‍ 6.38 ലക്ഷം കോടി നികുതി വരുമാനം ലഭിച്ചപ്പോള്‍ 2017-18ല്‍ 10.02 ലക്ഷം കോടിയായി ഉയര്‍ന്നു. അരക്കോടി പേര്‍ പുതുതായി നികുതി നല്‍കുന്നവരായി. ചരക്കു സേവന നികുതി വഴി ജനങ്ങള്‍ക്ക് വലിയ നേട്ടം നല്‍കാന്‍ സാധിച്ചതായും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രഗതാഗതമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്ക്കരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ പിന്തുണച്ച് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.