പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി വേലായുധന്‍നായരും ഓമനയും

Sunday 13 January 2019 7:00 am IST

ചാരുംമൂട്: അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ അരഏക്കര്‍ ഭൂമി  വീടില്ലാത്ത പത്ത് പാവങ്ങള്‍ക്ക് നല്‍കി ദമ്പതികള്‍ മാതൃകയാകുന്നു. 

ഇലിപ്പക്കുളം വൈശാഖത്തില്‍ വേലായുധന്‍ നായരും (68) ഭാര്യ ഓമനയമ്മ(65)യുമാണ് കനിവിന്റെ ഉദാഹരണമാകുന്നത്. തന്റെ 40 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടെ സമ്പാദിച്ച ഭൂമിയാണ് വീടില്ലാത്ത പത്ത് പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി നല്‍കിയത്. പാലമേല്‍ ഉളവുക്കാട് പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം മെയിന്റോഡിന്റെ വശത്താണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി.

ആദ്യഘട്ടമായി വെണ്മണി കാവനാട് പ്രസാദക്കുറുപ്പ് (49), താമരക്കുളം ചത്തിയറ സുജാ ഭവനത്തില്‍ രാജേന്ദ്രന്‍ പിള്ള (50), വള്ളികുന്നം കാരാഴ്മ പുത്തന്‍വീട്ടില്‍ മോഹനന്‍നായര്‍ (63), പാലമേല്‍ ഉളവുക്കാട് ജ്യോതി ഭവനത്തില്‍ പ്രസന്നകുമാരി (57), ഉളവുക്കാട് അശ്വതിയില്‍ സോമനാഥക്കുറുപ്പ് (53) എന്നിവര്‍ക്കുള്ള വസ്തുവിന്റെ രജിസ്‌ട്രേഷന്‍ നൂറനാട് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തി. ബാക്കിയുള്ള അഞ്ചു കുടുംബങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നൂറനാട്ടെ ആധാരമെഴുത്തുകാരായ ഉണ്ണികൃഷ്ണനെയും, അനിലിനേയുമാണ് ഇതിനു ചുമതലപ്പെടുത്തിയത്. 

വേലായുധന്‍നായരും ഭാര്യ ഓമനയമ്മയും നീണ്ട പ്രവാസിജീവിതത്തിനു ശേഷം നാട്ടില്‍ വിശ്രമജീവിതത്തിലാണ്. സജീവ് വി. നായര്‍, മനോജ് വി. നായര്‍ എന്നിവര്‍ മക്കളാണ്. അച്ഛന്റെയും അമ്മയുടേയും തീരുമാനത്തിന് മക്കളുടെ പിന്തുണ നൂറു ശതമാനമാണ്. സഹജീവികളുടെ ഇടയില്‍ മനസ്സാക്ഷി മരിക്കാത്തവരും ഉണ്ടന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദമ്പതികള്‍ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.