നടുക്കുന്ന ഓര്‍മകളുമായി പുല്ലുമേട് ദുരന്തത്തിന് നാളെ എട്ടുവയസ്

Sunday 13 January 2019 7:33 am IST

ഇടുക്കി: 102 തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് നാളെ എട്ട് വയസ് തികയുമ്പോഴും നടുക്കുന്ന ഓര്‍മകള്‍ മായാതെ പ്രദേശവാസികള്‍. മരിച്ചവരില്‍ ഏറെയും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരായിരുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദുരന്തത്തിന്റെ നിഗൂഢതകള്‍ നീക്കാന്‍ പോലീസിനുമായിട്ടില്ല.

വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ് ഉപ്പുപാറയില്‍ ആണ് ദുരന്തമുണ്ടായ സ്ഥലം. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഇവിടെ കൂടുതലായും എത്തുന്നത.് ഇവര്‍ നല്‍കിയ പേരാണ് പുല്ലുമേടെന്നത്. ദുരന്തത്തിന് ശേഷമാണ് ഈ പേര് പെട്ടെന്ന് ജനശ്രദ്ധയിലെത്തുന്നത്. കിലോമീറ്ററുകളോളം പുല്ലുകള്‍ നിറഞ്ഞ മൊട്ടക്കുന്നുകളാണ് ഇവിടം. 

2011 ജനുവരി 14ന് രാത്രി 7.30യോടെ ശബരിമല പുല്ലുമേട്ടില്‍ മകരജ്യോതി കണ്ട് മടങ്ങിയ തീര്‍ത്ഥാടകര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം പ്രവേശിക്കാതിരിക്കാന്‍ കുത്തിറക്കത്തിലിട്ട ചങ്ങലയില്‍ തട്ടി മുമ്പില്‍ പോയവര്‍ വീണതോടെ പിന്നാലെ എത്തിയവരും അപകടത്തില്‍പ്പെടുകയായിരുന്നു. ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചാണ് ഏറെപ്പേരും മരണത്തിനിരയായത്. മൂന്ന് ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ അന്ന് ഇവിടെ എത്തിയതായാണ് കണക്കുകള്‍ പറയുന്നത്. വെളിച്ചമില്ലാത്തതും ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.

ഇതേസമയം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പാതിവഴിയില്‍ ഇത് നിര്‍ത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ബൈക്ക് നിലവില്‍ എവിടെയാണെന്നതിന് പോലും പോലീസിന് വ്യക്തതയില്ല. ആദ്യം കുമളി പോലീസ് അന്വേഷിച്ച കേസ് പിന്നീട് കോട്ടയം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും വ്യാപകമായ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. മറിഞ്ഞ നിലയില്‍ കണ്ടെത്തിയ ഈ ബൈക്ക് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. 

ദുരന്തത്തിന് കാരണം സര്‍ക്കാര്‍ വകുപ്പുകളുടെ ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് എന്‍.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. മകരജ്യോതി കാണുന്നതിനായി 2-4 ലക്ഷത്തിനിടയില്‍ 2011 വരെ ആളുകളെത്തിയിരുന്നുവെങ്കില്‍ ഇന്ന് അത് 10,000ല്‍ താഴെയായി ചുരുങ്ങി. വാഹന പ്രവേശനത്തിനടക്കം കര്‍ശന നിയന്ത്രണം വന്നതോടെ പുല്ലുമേടില്‍ നിന്ന് തീര്‍ത്ഥാടകര്‍ പിന്‍വാങ്ങുകയാണ്. ഈ വര്‍ഷവും മുന്‍വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകര്‍ കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.