മകരവിളക്ക്; തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

Sunday 13 January 2019 7:47 am IST

കോട്ടയം: ശബരിമല മകരവിളക്ക് അട്ടിമറിക്കാന്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. സുഗമമായ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമാണ് കടുത്ത നിയന്ത്രണങ്ങളെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. 

മകരവിളക്കിന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ഞായറാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസ്സുകളില്‍ എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെന്നാണ് കോട്ടയം എസ്പി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്ക്കുമെന്ന് ഉറപ്പാണ്. വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട തിരക്കൊന്നും സന്നിധാനത്ത് ഈ തീര്‍ത്ഥാടക കാലത്ത് ഉണ്ടായിട്ടില്ല. ഭക്തര്‍ കൂടുതലായി എത്തുന്ന സമയങ്ങളില്‍ പോലീസ് ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടകരെ ഏറെ വലച്ചിരുന്നു.  

പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ നിലവില്‍ സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിലയ്ക്കലില്‍ സൗകര്യം ലഭ്യമല്ലെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ 15ന് രാവിലെ എട്ടു വരെ സ്വകാര്യ, ടാക്‌സി വാഹനങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വാഹനങ്ങള്‍ എരുമേലി പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എരുമേലി പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറയുമ്പോള്‍ പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം അമ്പലം ഗ്രൗണ്ടിലും റോഡിന്റെ ഇടതുവശത്തും പാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് പൊന്‍കുന്നം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് ബസ്സുകളില്‍ എരുമേലി-നിലയ്ക്കല്‍ വഴി പമ്പയില്‍ എത്തണം. 

ഇടുക്കി ജില്ലയില്‍ നിന്ന് മുണ്ടക്കയം വഴി നിലയ്ക്കലേക്ക് പോകുന്ന വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍, വണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയ്ക്ക് പോകണം. എരുമേലി, പൊന്‍കുന്നം, വണ്ടിപ്പെരിയാര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും പോലീസ് പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട ഡിപ്പോകളില്‍ ചെയിന്‍ സര്‍വ്വീസ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ആസൂത്രണമൊന്നുമില്ലാതെ പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാന്‍ മാത്രമാണ്. 

ചെയിന്‍ സര്‍വ്വീസിനായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉപയോഗിക്കുമ്പോള്‍ സംസ്ഥാനത്താകെ രണ്ട് ദിവസം യാത്രാക്ലേശം രൂക്ഷമാകും. ഇതൊന്നും പരിഗണിക്കാതെയാണ് പോലീസിന്റെ വക ഗതാഗത നിയന്ത്രണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.