ശങ്കരന്‍നമ്പൂതിരിക്കെതിരെ കൂടുതല്‍ പരാതി

Sunday 13 January 2019 5:48 am IST

കോട്ടയം: സിപിഎം സഹയാത്രികനും ശബരിമല മുന്‍ മേല്‍ശാന്തിയുമായ എസ്.ഇ. ശങ്കരന്‍നമ്പൂതിരിക്കെതിരെ കൂടുതല്‍ പരാതി. തിരുവഞ്ചൂര്‍ ക്ഷേത്രത്തിനും ദേവസ്വം ഭരണസമിതിക്കുമെതിരെ നിരന്തരം പരാതി നല്‍കിയെന്നാണ് ആരോപണം.  ശബരിമല മേല്‍ശാന്തിയാകും മുമ്പ് ശങ്കരന്‍ നമ്പൂതിരി തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. 

തിരുവഞ്ചൂര്‍ ക്ഷേത്രത്തിന്റെ  സ്ഥലം പിടിച്ചെടുത്ത് അവിടെ പൊതു ശൗചാലയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ റവന്യു മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിലരുടെ ഒപ്പിട്ടാണ് പരാതി നല്‍കിയത്.  പരാതിയുടെ കോപ്പി വിവരാവകാശ നിയമപ്രകാരം ദേവസ്വം ബോര്‍ഡിന് ലഭിക്കുകയും ബോര്‍ഡ് ഇത് പുറത്ത് വിടുകയും ചെയ്തു.

ഇതോടെ ഒപ്പിട്ടിരിക്കുന്ന പലരും പരാതിക്കെതിരെ രംഗത്ത് വന്നു. തങ്ങളോട് ആലോചിക്കാതെയാണ് ഇത്തരമൊരു പരാതി നല്‍കിയതെന്നാണ് അവരില്‍ പലരും പറയുന്നത്. തിരുവഞ്ചൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇയാള്‍ ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടത്തുന്നത് വിശ്വാസികളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. 

 വീടിന്റെ മുമ്പില്‍ ശബരിമല മേല്‍ശാന്തി എന്ന ബോര്‍ഡ് കാലാവധി കഴിഞ്ഞും സ്ഥാപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്  മുന്‍മേല്‍ശാന്തി എന്നാക്കി. യുവതീപ്രവേശനത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ പ്രസ്താവന നടത്തുന്നതിലും ശങ്കരന്‍ നമ്പൂതിരിക്കെതിരെ  അയ്യപ്പഭക്തരുടെ പ്രതിഷേധം ശക്തമാണ്.

ശബരിമല മുന്‍മേല്‍ശാന്തി എന്ന സ്ഥാനം ഉപയോഗിച്ചാണ് ഇദ്ദേഹം സിപിഎം വേദികളിലെ  സ്ഥിരം സാന്നിധ്യമായിരിക്കുന്നത്. തിരുവഞ്ചൂരില്‍ മേല്‍ശാന്തിയായിരിക്കെ പൂജയും, ഹോമവും നടത്തുകയും തകിട് പൂജചെയ്തു നല്‍കുകയും ചെയ്തിരുന്നയാളാണ് ഇപ്പോള്‍  അവിശ്വാസികളുടെ വേദിയില്‍ എത്തുന്നത്. ശബരിമല ആചാരസംരക്ഷണത്തിന് എത്തിയ അയ്യപ്പഭക്തരെ വിശ്വാസ വിരുദ്ധരായി ചിത്രീകരിച്ചും, ശബരിമലയില്‍ ആചാരലംഘനം നടത്തുന്ന സര്‍ക്കാരിനെ ന്യായീകരിച്ചും ഇദ്ദേഹം ദേശാഭിമാനിയില്‍ പ്രസ്താവന നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.