പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങുന്നു

Sunday 13 January 2019 8:00 am IST

കൊല്ലം: പോലീസിന്റെയും സര്‍ക്കാരിന്റെയും വേട്ടയാടലില്‍ വിറങ്ങലിച്ച കൊല്ലത്തിന്റെ മണ്ണിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 15ന് എത്തുന്നു. 

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കന്റോണ്‍മെന്റ്  മൈതാനത്ത് നടത്തുന്ന ഒരു ലക്ഷം പേരുടെ മഹാസമ്മേളനത്തെ അദ്ദേഹം അഭിവാദ്യം ചെയ്യും. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷമാകും സമ്മേളന നഗരിയില്‍ എത്തുന്നത്.

പ്രധാനമന്ത്രിയുടെ പരിപാടി അട്ടിമറിക്കാനെന്ന വണ്ണം ജില്ലയിലുടനീളം പോലീസ് വേട്ട തുടരുന്നതിനിടെയും സമ്മേളനത്തിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതരാണ് പ്രവര്‍ത്തകര്‍. മൈതാനത്ത് വിശാലമായ വേദിയുടെ കാല്‍നാട്ട് കര്‍മം കഴിഞ്ഞു. നിര്‍മ്മാണം പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് കൊല്ലത്തെ മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

മഹാസമ്മേളനത്തിന്റെയും ബൈപ്പാസ് ഉദ്ഘാടനത്തിന്റെയും പ്രചരണാര്‍ത്ഥം ജില്ലയൊട്ടാകെ കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്നലെ നഗരകേന്ദ്രങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വിളംബരജാഥകള്‍ നടത്തി. കൊട്ടാരക്കരയില്‍ രക്തദാനം നിര്‍വഹിച്ചാണ് പ്രവര്‍ത്തകര്‍ മഹാസമ്മേളനത്തിന്റെ വരവ് അറിയിച്ചത്. ഇന്ന് കൊല്ലം ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വിളംബരജാഥകള്‍ നടത്തും. 

ഗതാഗതനിയന്ത്രണത്തിനും മറ്റുമായി 500 സന്നദ്ധസേവകരെ യുവമോര്‍ച്ച രംഗത്തിറക്കും. സമ്മേളനത്തിന് നഗരശുചീകരണം ലക്ഷ്യമിട്ട് 100 സ്വച്ഛ്ഭാരത് പ്രവര്‍ത്തകരെ ക്രമീകരിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.