വിശാലസഖ്യം പരാജയപ്പെട്ട പരീക്ഷണം

Sunday 13 January 2019 5:00 am IST
തെലങ്കാനയില്‍ സഖ്യം പരാജയപ്പെട്ടു. കര്‍ണാടകയില്‍ ഗുമസ്തനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി തന്നെ പരാതിപ്പെടുന്നു. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ രൂപീകരിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒരു അഴിമതി ആരോപണം പോലും ഇല്ലാതെയാണ് തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതിയില്ലാതെ ഭരിക്കാമെന്ന് നമ്മള്‍ തെളിയിച്ചു. യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടു. അഴിമതി കാരണം പത്ത് വര്‍ഷം ഇന്ത്യക്ക് നഷ്ടപ്പെട്ടു. മോദി ചൂണ്ടിക്കാട്ടി.

ന്യൂദല്‍ഹി: ബിജെപിക്കെതിരെ ഉയര്‍ന്നുവരുന്ന വിശാല സഖ്യം പരാജയപ്പെട്ട പരീക്ഷണത്തിന്റെ ആവര്‍ത്തനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വജനപക്ഷപാതത്തിലും അഴിമതിയിലും മുങ്ങിയ ദുര്‍ബ്ബല സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

വികസനോന്മുഖവും ശക്തവുമായ സര്‍ക്കാരാകും ബിജെപി രൂപീകരിക്കുക. ദല്‍ഹി രാംലീലാ മൈതാനത്ത് രണ്ട് ദിവസമായി നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'ഹര്‍ ഹര്‍ മോദി' വിളികളോടെയാണ് ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം സദസ്സ് സ്വീകരിച്ചത്. 

ശക്തമായ സര്‍ക്കാര്‍ തങ്ങളുടെ കച്ചവടം പൂട്ടിക്കുമെന്നതിനാലാണ് ഈയിടെയായി പ്രതിപക്ഷം വിശാല സഖ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഒന്നും ചെയ്യാന്‍ സാധിക്കാത്ത ദുര്‍ബ്ബലമായ സര്‍ക്കാരുണ്ടായാല്‍ അവര്‍ക്ക് കുടുംബത്തിന് വേണ്ടി സമ്പാദിക്കാന്‍ സാധിക്കും.

തെലങ്കാനയില്‍ സഖ്യം പരാജയപ്പെട്ടു. കര്‍ണാടകയില്‍ ഗുമസ്തനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി തന്നെ പരാതിപ്പെടുന്നു. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ രൂപീകരിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒരു അഴിമതി ആരോപണം പോലും ഇല്ലാതെയാണ് തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതിയില്ലാതെ ഭരിക്കാമെന്ന് നമ്മള്‍ തെളിയിച്ചു. യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടു. അഴിമതി കാരണം പത്ത് വര്‍ഷം ഇന്ത്യക്ക് നഷ്ടപ്പെട്ടു. മോദി ചൂണ്ടിക്കാട്ടി. 

ദാരിദ്ര്യം കാരണം സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ സാധിക്കാത്ത യുവാക്കള്‍ക്ക് വേണ്ടിയാണ് സാമ്പത്തിക സംവരണം. ഇത് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. അംബേദ്കര്‍ ഉണ്ടായിരുന്നുവെങ്കില്‍ നടപടിയെ പിന്തുണക്കുമായിരുന്നു. രാജ്യം പുരോഗമിക്കുന്നത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുത്തി അവര്‍ ബില്ലുകള്‍ പാസാക്കുന്നത് തടയുകയാണ്. രാമക്ഷേത്രം ഉയരുന്നതിനെതിരെ അഭിഭാഷകരെ ഉപയോഗിച്ച് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. പ്രതിപക്ഷത്തിന് കര്‍ഷകര്‍ വോട്ട് ബാങ്ക് മാത്രമാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ താല്‍ക്കാലിക പരിഹാരം മാത്രമാണ്. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. 

12 വര്‍ഷം യുപിഎ സര്‍ക്കാര്‍ വേട്ടയാടി

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 12 വര്‍ഷം യുപിഎ സര്‍ക്കാര്‍ വേട്ടയാടി. അമിത് ഷായെ അറസ്റ്റ് ചെയ്തു. എന്നിട്ടും ഗുജറാത്ത് സിബിഐയെ വിലക്കിയില്ല. എന്തിനാണ് ബംഗാളും ആന്ധ്രയും ഛത്തീസ്ഗഡും സിബിഐയെ തടയുന്നത്. എന്ത് ക്രമക്കേടുകളാണ് അവര്‍ക്ക് ഒളിപ്പിക്കാനുള്ളത്. വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടി. പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യം. ഇതാകണം പ്രവര്‍ത്തകരുടെ ചിന്ത. രണ്ട് മുറിയിലിരുന്ന് പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ ഇത്രയും വലിയ സമ്മേളനം നടത്തുന്ന തലത്തിലേക്ക് വളര്‍ന്നതെന്ന് ആരവങ്ങള്‍ക്കിടെ മോദി വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.