മാരകമായ മായം, വെല്ലത്തിന് കണ്ണൂരില്‍ നിരോധനം

Monday 14 January 2019 2:27 am IST

കണ്ണൂര്‍: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ശര്‍ക്കര (വെല്ലം) നിരോധിച്ചതിന് പിന്നാലെ മറ്റ് ജില്ലകളിലും വില്‍പ്പന നടത്തുന്ന ശര്‍ക്കരവെല്ലത്തില്‍ വിഷാംശം ഉണ്ടോ എന്നു പരിശോധന നടത്താന്‍ നീക്കമാരംഭിച്ചു. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെല്ലം വില്‍ക്കുന്നതിന് കണ്ണൂരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിമാരക രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കണ്ണൂരില്‍ വിതരണത്തിനെത്തുന്ന ശര്‍ക്കര ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നിരോധിച്ചത്. 

കണ്ണൂരിലെ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി. വിഷ ശര്‍ക്കര വില്‍ക്കുന്നതിനെതിരെ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. മായം ചേര്‍ക്കാത്ത ശര്‍ക്കരയ്ക്ക് വിലക്കില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിലാണ് അതിമാരക രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്. ആറോളം സാമ്പിളുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്തി. ഇതോടെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ നീക്കമാരംഭിച്ചിരിക്കുന്നത്. 

തുണികള്‍ക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിന്‍ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ കണ്ടെത്തിയത് പ്ലാസ്റ്റിക് കൂട് പോലും ഉരുക്കാന്‍ ശേഷിയുള്ള ശര്‍ക്കരയാണ്. മൈദയും സൂപ്പര്‍ ഫോസ്‌ഫേറ്റും പഞ്ചസാരയും കൊണ്ട് നിര്‍മ്മിക്കുന്ന ശര്‍ക്കരയില്‍ കരിമ്പ്‌നീര് ഇരുപത് ശതമാനം മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. റോഡാമിന്‍ ബി ചര്‍മാര്‍ബുദത്തിന് കാരണമായേക്കാം.

റോഡാമിന്‍ ബിയും ബ്രില്യന്റ് ബ്ലൂയും ചേര്‍ത്ത മിശ്രിതം ശര്‍ക്കരയ്ക്ക് മഞ്ഞ ഉള്‍പ്പെടെയുള്ള നിറങ്ങള്‍ നല്‍കും. ഉപഭോക്താക്കള്‍ നല്ല നിറമുള്ള വെല്ലമാണ് തെരഞ്ഞെടുക്കുക. സംസ്ഥാനത്ത് പുറത്ത് പലയിടങ്ങളിലും കൃത്യമായ മേല്‍വിലാസം പോലുമില്ലാത്തവരാണ് ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെല്ലം അവിടെ മൊത്ത കച്ചവടക്കാര്‍ വാങ്ങി കേരളത്തില്‍ വിതരണം ചെയ്യുകയാണ് പതിവ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.