പൂനെ: ഖേലോ ഇന്ത്യ ഗെയിംസിന്റെ ജൂഡോയില്‍ കേരളത്തിന് മികച്ച നേട്ടം. കഴിഞ്ഞ വര്‍ഷം രണ്ട് വെങ്കലം മാത്രം നേടിയ കേരളം ഇത്തവണ രണ്ട് വെള്ളിയും ആറ് വെങ്കലവുമടക്കം എട്ട് മെഡലുകള്‍ സ്വന്തമാക്കി. അത്ലിക്റ്റിക്സില് ഒരു സ്വര്‍ണവും നാല് വെള്ളിയും നാല് വെങ്കലവും കേരളം ഇന്നലെ നേടി. ഇതോടെ ഗെയിംസില്‍ 9 സ്വര്‍ണവും 13 വെള്ളിയും 20 വെങ്കലവുമടക്കം കേരളത്തിന് 42 മെഡലുകളായി.
ഇന്നലെ നാല് വെങ്കലമാണ് ജൂഡോയില്‍ കേരളത്തിന്റെ സമ്പാദ്യം. 21 വയസ്സിന് താഴെയുള്ള ആണ്-പെണ് വിഭാഗത്തിലാണ് മെഡല്‍ നേട്ടം. 63 കി.ഗ്രാം പെണ് വിഭാഗത്തില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ ബിനിഷ. എന്‍.ബി, 78 കി.ഗ്രാം വിഭാഗത്തില്‍ ഇതേ കോളേജിലെ മേഘ സണ്ണി, ആണ് 100 കി.ഗ്രാം വിഭാഗത്തില്‍ കാലടി ശ്രീശങ്കരാ കോളേജിലെ കൃഷ്ണരാജ്, 81 കി.ഗ്രാം വിഭാഗത്തില്‍ തൃശൂര്‍ കേരളവര്‍മ കോളേജിലെ ജിക്കു വര്‍ഗീസ് എന്നിവരാണ് വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം ബിനിഷയുടെ ഇരട്ട സഹോദരി സനിഷ 57 കി.ഗ്രാമിലും വെങ്കലം നേടിയിരുന്നു.
പെണ്‍കുട്ടികളുടെ ഭാരോദ്വഹനത്തിലും കേരളം ഇന്നലെ മെഡല്‍ പട്ടികയില്‍ ഇടംനേടി. 71 കി.ഗ്രാം വിഭാഗത്തില്‍ തൃശൂര്‍ സിഎംഎസ്എച്ച്എസ്എസിലെ അഞ്ജന ശ്രീജിത്ത് വെള്ളി നേടി. ഈയിനത്തില്‍ ഗെയിംസിലെ കേരളത്തിന്റെ ആദ്യ മെഡലാണിത്.
ട്രാക്കിലും ഇന്നലെ നല്ല ദിനമായിരുന്നു. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലാണ് കേരളത്തിന്റെ സ്വര്‍ണം. എല്‍ഗ തോമസ്, പ്രസ്കില്ല ഡാനിയേല്‍, ഗൗരി നന്ദന, സാന്ദ്ര. എ.എസ് എന്നിവരടങ്ങിയ ടീമാണ് പൊന്നിന് അവകാശികളായത്. ഇതിന് പുറമെ നാല് വെള്ളിയും നാല് വെങ്കലവുമാണ് സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ജിഎംഎംജിഎച്ച്എസ്എസിലെ ജെ. വിഷ്ണുപ്രിയ, അണ്ടര്‍ 17 വിഭാഗം ട്രിപ്പിള്‍ജമ്പില്‍ അനു മാത്യു, 800 മീറ്ററില്‍ തിരുവനന്തപുരം സായ്യുടെ പ്രസ്കില്ല ഡാനിയേലും എന്നിവരാണ് വെള്ളി നേടിയത്.
അണ്ടര്‍ 21 ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും വെള്ളി സ്വന്തമാക്കി. അബിനന്ദ് സുന്ദരേശന്, സശരത്ത്. എസ്, സബിന്‍ ടി. സത്യന്, ടിഗിന്‍. ടി എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്. അണ്ടര്‍ 21 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ ടിഗിന്‍. ടി, 200 മീറ്ററില്‍ അഭിനവ്. സി, ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ ആന്‍സി സോജന്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിഭ. കെ.എം എന്നിവരാണ് ട്രാക്കില്‍ നിന്ന് വെങ്കലം നേടിയത്. ട്രിപ്പിള്‍ജമ്പില്‍ 12.09 മീറ്റര്‍ ചാടിയാണ് തേവര സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ അനു മാത്യു വെള്ളിയണിഞ്ഞത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1:02.63 സെക്കന്‍ഡിലാണ് വിഷ്ണുപ്രിയ വെള്ളി നേടിയത്. 1:03.71 സെക്കന്‍ഡിലാണ് തിരുവനന്തപുരം സായിയിലെ നിഭ. കെ.എം ഈയിനത്തില്‍ വെങ്കലം സ്വന്തമാക്കിയത്.നീന്തല്‍ക്കുളത്തില്‍ നിന്നും ഇന്നലെ ഒരു മെഡല്‍ ലഭിച്ചു. 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില് ജഗന്നാഥനാണ് വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: