പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍, ചെല്‍സി ജയിച്ചു

Monday 14 January 2019 3:26 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ലിവര്‍പൂള്‍, ചെല്‍സി ടീമുകള്‍ ജയിച്ചപ്പോള്‍ അഴ്‌സണലിന് അപ്രതീക്ഷിത തോല്‍വി.

കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ വോള്‍വര്‍ഹാംപ്ടനോടും 2-1ന് തോറ്റ ലിവര്‍പൂള്‍ ഇന്നലെ ബ്രൈറ്റണെ 1-0ന് കീഴടക്കിയാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 50-ാം മിനിറ്റില്‍ മുഹമ്മദ് സല പെനാല്‍റ്റിയിലൂടെയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. കളിയില്‍ 71 ശതമാനവും പന്ത് നിയന്ത്രിച്ചത് ലിവര്‍പൂളായിരുന്നു. കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും ചെമ്പടതന്നെ. എന്നാല്‍ ബ്രൈറ്റണ്‍ ഗോളിയുടെയും പ്രതിരോധത്തിന്റെയും മിടുക്കാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ലിവര്‍പൂളിനെ തടഞ്ഞത്.

വിജയത്തോടെ 22 കളികളില്‍ നിന്ന് 57 പോയിന്റുമായാണ് ലിവര്‍പൂള്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുന്നത്. രണ്ടാമതുള്ള സിറ്റിക്ക് 21 കളികളില്‍ നിന്ന് 50 പോയിന്റാണുള്ളത്.

പോയിന്റ് പട്ടികയില്‍ ഒമ്പതാമതുള്ള വെസ്റ്റ്ഹാം യുണൈറ്റഡാണ് ഇന്നലെ ആഴ്‌സണലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 48-ാം മിനിറ്റില്‍ യുവതാരം റീസാണ് വെസ്റ്റ്ഹാമിന്റെ വിജയഗോള്‍ നേടിയത്.

ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ഒമ്പതാം മിനിറ്റില്‍ പെഡ്രോ, 57-ാം മിനിറ്റില്‍ വില്യന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. 40-ാം മിനിറ്റില്‍ ക്ലാര്‍ക്കാണ് ന്യൂകാസിലിന്റെ ആശ്വാസഗോള്‍ നേടിയത്.  22 കളികളില്‍ നിന്ന് 47 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ചെല്‍സി. 

മറ്റ് മത്സരങ്ങളില്‍ സതാംപ്ടണ്‍ ലെസ്റ്ററിനെയും വാറ്റ്‌ഫോര്‍ഡ് ക്രിസ്റ്റല്‍ പാലസിനെയും ബേണ്‍ലി ഫുള്‍ഹാമിനെയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കാഡിഫ്‌സിറ്റി-ഹഡേഴ്‌സ്ഫീല്‍ഡ് കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.