ഉജ്ജായി, സീത്കാരി പ്രാണായാമം

Monday 14 January 2019 10:03 am IST

ഉജ്ജായി പ്രാണായാമം

മുഖം സംയമ്യ നാഡീഭ്യാം

ആകൃഷ്യ പവനം ശനൈഃ

യഥാ ലഗതി കണ്ഠാത്തു

ഹൃദയാവധി സസ്വനം(2-51)

പൂര്‍വവത് കുംഭയേത് പ്രാണം

രേചയേദിഡയാ തഥാ

വായടച്ച്, കഴുത്തു മുതല്‍ നെഞ്ചു വരെ വായു തട്ടി ശബ്ദമുണ്ടാവുന്ന തരത്തില്‍ രണ്ടു മൂക്കിലൂടെയും ശ്വാസമെടുത്ത്, മുമ്പത്തേതു പോലെ കുംഭകം ചെയ്ത്, ഇടതു മൂക്കിലൂടെ പുറത്തു കളയണം.

സംസ്‌കൃതത്തിലെ മുഖം എന്നത് വായ ആണ്. അതിനെ സംയമം ചെയ്ത് എന്നാല്‍ വായടച്ച് എന്നര്‍ഥം. 'നാഡീഭ്യാം' എന്നത് ദ്വിവചനമാണ്. രണ്ടു നാഡികളിലൂടെയും, രണ്ടു മൂക്കിലൂടെയും എന്നര്‍ഥം. പവനന്‍ വായു. അതിനെ 'ശനൈഃ', സാവധാനത്തില്‍ 'ആകൃഷ്യ', ആകര്‍ഷിച്ച്, ഉള്ളിലേക്കെടുത്ത് 'കണ്ഠാത്' കണ്ഠം മുതല്‍ 'ഹൃദയാവധി', ഹൃദയം വരെ എടുക്കണം. വായു ശ്വാസനാളത്തില്‍ 'യഥാ ലഗതി' ഉരസുമ്പോള്‍ 'സസ്വനം' ശബ്ദ(സ്വനം)മുണ്ടാകും. കുംഭകം മുമ്പത്തേതു പോ

ലെയാവണം. അതായത് നഖത്തിന്റെ അറ്റം മുതല്‍ മുടിയുടെ അറ്റം വരെ നിറയണം. എല്ലായിടവും നിറയണമെന്നു താല്‍പര്യം.

ശ്ലേഷ്മദോഷഹരം കണ്‌ഠേ 

ദേഹാനല വിവര്‍ധനം (2-52)

നാഡീ ജലോദരാധാതു-

ഗത ദോഷ വിനാശനം

ഗച്ഛതാ തിഷ്ഠതാ കാര്യം

ഉജ്ജായാഖ്യം തു കുംഭകം (2-53)

കഴുത്തിലെ കഫദോഷം കളയും. ദഹനശക്തി വര്‍ധിക്കും. നാഡികള്‍, കുടിച്ച വെള്ളം, വയറ്, ധാതുക്കള്‍ ഇവയിലെ ദോഷങ്ങള്‍ നശിപ്പിക്കും. ഈ ഉജ്ജായി പ്രാണായാമം നില്‍ക്കുമ്പോഴും നടക്കുമ്പോഴും ചെയ്യാം. (അപ്പോള്‍ ബന്ധങ്ങള്‍ വേണ്ടെന്നു മാത്രം)

ഇംഗ്ലീഷില്‍ ഉജ്ജായിക്ക് 'സൈക്കിക് ബ്രീത്ത്' എന്നാണ് പറയുക. ഇത് മനസ്സില്‍ ചെലുത്തുന്ന സ്വാധീനത്തെയാണിതു കാണിക്കുന്നത്. ഉജ്ജായി എന്നാല്‍ ജയിക്കുന്നത്, കീഴടക്കുന്നത് എന്നര്‍ഥം. ഇതിനെ പ്രാണായാമമെന്നെടുത്തു പറഞ്ഞെങ്കിലും മനസ്സ്  ഏകാഗ്രമാവുമ്പോള്‍ സ്വാഭാവികമായും വന്നു ചേരുന്ന ഒരു ശ്വാസക്രമമാണിത്. അതുകൊണ്ടാണ് ഇതെവിടെയും എപ്പോഴും ചെയ്യാമെന്നു പറഞ്ഞത്. മന്ത്രം ചേര്‍ത്തും ഇതു ചെയ്യാറുണ്ട്. 'ഹംസ' മന്ത്രമോ 'സോഹ' മന്ത്രമോ ആവാം. ഗുരൂപദിഷ്ട മന്ത്രവുമാകാം. ധ്യാനത്തിലും യോഗ നിദ്രയിലും ഒക്കെ ഇത് ഉപയോഗപ്പെടുത്താം. കുംഭകം ഒഴിവാക്കിയാല്‍ മതിയാകും.

സീത്കാരീ പ്രാണായാമം

സീത്കാം കുര്യാത് തഥാ വക്ത്രേ

ഘ്രാണേനൈവ വിജൃംഭിതാം

ഏവമഭ്യാസ യോഗേന

കാമദേവോ ദ്വിതീയകഃ (2-54)

വായിലൂടെ സീത്കാരത്തോടെ ശ്വാസമെടുക്കുകയും മൂക്കിലൂടെ രേചകം ചെയ്കയും വേണം. ഇങ്ങനെ അഭ്യസിക്കുന്നവര്‍ കാമദേവനെപ്പോലെയാകും. 'സീ...' എന്ന ശബ്ദമാണ് സീത്കാരം. ഈ ശബ്ദത്തോടെ ശ്വാസം ഉള്ളിലെടുത്ത് മുക്കിലൂടെ പുറത്തുവിടുന്നു. 'ഹിസ്സിങ് ബ്രീത്ത്' എന്ന് ഇംഗ്ലീഷില്‍ പറയും.

സ്വസ്ഥമായിരുന്ന ശേഷം നാക്ക് മേലോട്ടു വളച്ച് അണ്ണാക്കില്‍ പതിച്ചു വെയ്ക്കണം. മടങ്ങിയ നാക്കിന്റെ അടിഭാഗം രണ്ട് നിര പല്ലുകളുടെ ഇടയിലൂടെ വെളിയില്‍ കാണാം. നാക്കിന്റെ ഈ വശങ്ങളിലൂടെയാണ് കാറ്റ് അകത്തു പ്രവേശിക്കുക. അപ്പോഴാണ് സീല്‍ക്കാരം ഉണ്ടാവുക. വായയുടെ ഉള്‍ഭാഗത്തും ശ്വാസനാളത്തിലും ഇത് തണുപ്പുണ്ടാക്കും. കാറ്റ് നിറഞ്ഞ ശേഷം വായടച്ച് കുംഭിച്ച് മൂക്കിലൂടെ പുറത്തു കളയണം. സൗന്ദര്യം വര്‍ധിപ്പിക്കും എന്നാണ്, രണ്ടാം കാമദേവനാക്കും എന്നതിന്റെ താല്‍പര്യം. 

ഇതിനോട് ചേര്‍ത്ത് ഗ്രന്ഥാന്തരങ്ങളില്‍ 'സദന്ത' പ്രാണായാമവും പറയുന്നുണ്ട്. പല്ലുകള്‍ തമ്മില്‍ ചേര്‍ത്ത് അതിനിടയിലൂടെ കാറ്റ് അകത്തേക്കു കടത്തുന്നതാണ് ഈ രീതി.

യോഗിനീ ചക്ര സംമാന്യഃ

സൃഷ്ടി സംഹാര കാരകഃ

ന ക്ഷുധാ ന തൃഷാ നിദ്രാ

നൈവാലസ്യം പ്രജായതേ (2-55)

ഇത്തരം യോഗിയെ യോഗിനിമാരുടെ കൂട്ടം ആദരിക്കും. സൃഷ്ടിസംഹാരങ്ങള്‍ക്ക് അധികാരിയാകും. വിശപ്പ്, ദാഹം, ഉറക്കം, മടി ഇവയുണ്ടാകില്ല. എല്ലാവരുടെയും ആകര്‍ഷണ കേന്ദ്രമാകും സീത്കാരീ സാധകന്‍ എന്നാണ് പറഞ്ഞത്. ആലസ്യമെന്നാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും ഭാരക്കൂടുതലാണ്. കഫാദികളെക്കൊണ്ട് ശരീരത്തിനും,

തമോഗുണം കൊണ്ട് മനസ്സിനും ഭാരം കൂടും. മടി പിടിക്കും. സീത്കാരി മടിയില്ലാതാക്കും 

ഭവേത് സത്വം ച ദേഹസ്യ

സര്‍വോപദ്രവവര്‍ജ്ജിതഃ

അനേന വിധിനാ സത്യം

യോഗീന്ദ്രോ ഭൂമി മണ്ഡലേ(2-56)

സത്വം എന്നാല്‍ ഉള്‍ക്കരുത്ത് എന്നാണ് ഇവിടെ അര്‍ഥമാക്കേണ്ടത്.

സീത്കാരി സാധകന്റെ ദേഹത്തിന് ബലം കൂട്ടും. സര്‍വ ഉപദ്രവങ്ങളും നശിക്കും. ഈ സാധന കൊണ്ട് സാധകന്‍ ഭൂമിയിലെ യോഗിമാരില്‍ ഇന്ദ്രനാകും. ഇതു സത്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.