കണ്ണൂര്‍ വിമാനത്താവളത്തിലെ നികുതിയിളവ് വിവാദമാകുന്നു ഇളവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം

Monday 14 January 2019 4:37 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാനക്കമ്പനികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയത് വിവാദമാകുന്നു. പത്തുവര്‍ഷത്തേക്ക് ഇളവു നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. 2018 ഡിസംബര്‍ 9നാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. വിമാനത്താവളത്തില്‍ വിമാന ഇന്ധനനികുതി ഇരുപത്തിയെട്ടില്‍ നിന്ന് ഒറ്റയടിക്ക്് ഒരുശതമാനമായാണ് കുറച്ചത്. ഇതോടെ കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന ആഭ്യന്തര സര്‍വ്വീസുകള്‍ കൂട്ടത്തോടെ കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കം വിമാനക്കമ്പനികള്‍ ആരംഭിച്ചുവെന്നാണ് സൂചന. 

പ്രളയാന്തര നിര്‍മ്മാണത്തിന് ജിഎസ്ടിക്കുമേല്‍ സെസ് ചുമത്താന്‍ തയ്യാറെടുക്കുന്ന സര്‍ക്കാര്‍ കണ്ണൂരില്‍ നികുതി ഇളവ് നല്‍കിയത് പരിശോധിക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറക്കുമ്പോഴുള്ള നികുതി ഒരു ശതമാനമാണ്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ ഇത് 28 ശതമാനമാണ്. ഇളവ് നിലവില്‍ വന്നതോടെ കോഴിക്കോട്ടേക്കുള്ള വിമാനക്കമ്പനികള്‍ സര്‍വ്വീസ് കണ്ണൂരിലേക്ക് മാറ്റും. നിലവില്‍ സ്‌പൈസ് ജെറ്റ് സര്‍വ്വീസ് കണ്ണൂരിലേക്ക് മാറ്റിക്കഴിഞ്ഞു. ജെറ്റ് എയര്‍വേയ്‌സും ഉടന്‍ മാറ്റുമെന്നാണ് സൂചന. അതേസമയം എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ളതും ഇതേ വരെ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നതുമായ പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോട് നിന്നും സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഇന്ധന നികുതി 28 ശതമാനം ഈടാക്കുന്നതോടൊപ്പം സ്വകാര്യമേഖല വിമാനത്താവളമായ കണ്ണരില്‍ നിന്നും ഇന്ധന നികുതി ഒരു ശതമാനം മാത്രം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കേരള ഗസറ്റില്‍ അസാധാരണം എന്ന തലക്കെട്ടില്‍ 2018 നവംബര്‍ മാസം മൂന്നാം തീയ്യതി പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഇതു മൂലം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ യാത്രാനിരക്ക് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍, പരസ്യം നല്‍കി കണ്ണൂര്‍ നിന്നുള്ള യാത്രാ നിരക്കുകള്‍ കുറക്കുന്നത്, ഈ പൊതുമേഖലാ വിമാനത്താവളത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ആരോപണം. പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയാന്‍ ഇത് കാരണമാകുമെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.