തളിപ്പറമ്പിലെ നിര്‍ദിഷ്ട സബ്ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു

Monday 14 January 2019 4:38 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ദിഷ്ട സബ്ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി. കാഞ്ഞിരങ്ങാട് ഏറ്റെടുത്ത 8.75 ഏക്കര്‍ ഭൂമിയില്‍ ജയില്‍ നിര്‍മ്മിക്കുന്നതിന് 20 കോടിരൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണു പ്രളയം വില്ലനായി കടന്നുവന്നത്. ഇതോടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജയില്‍ നിര്‍മാണത്തിനായി മാറ്റിവച്ച തുകയും വിനിയോഗിക്കുകയായിരുന്നു. തടവുകാരെക്കൊണ്ട് ജയിലുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ജയില്‍ വകുപ്പ് വീണ്ടും എസ്റ്റിമേറ്റ് സമര്‍പ്പിച്ചതോടെയാണ് ജയില്‍ നിര്‍മാണനീക്കം വീണ്ടും സജീവമായത്. ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ ജില്ലാ ജയില്‍ നിര്‍മിക്കുന്നതിനായി തളിപ്പറമ്പ് വായിക്കമ്പ സംസ്ഥാനപാതയില്‍ കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തായാണ് 8.75 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നത്. മുക്കം, മലമ്പുഴ, തവനൂര്‍ ജയിലുകളുടെ മാതൃകയിലാണ് ഇവിടെ ജയില്‍ നിര്‍മിക്കുന്നത്. 

പയ്യന്നൂര്‍, തളിപ്പറമ്പ് കോടതികളില്‍ നിന്നുള്ള റിമാന്‍ഡ് തടവുകാരെയും ആറുമാസം വരെ ശിക്ഷ വിധിക്കപ്പെടുന്നവരെയുമാണു തളിപ്പറമ്പ് ജയിലില്‍ പാര്‍പ്പിക്കുകയെന്നും കേരളത്തിലെ മാതൃകാ ജയിലായിരിക്കും തളിപ്പറമ്പിലേതെന്നും കഴിഞ്ഞ വര്‍ഷം സ്ഥലം സന്ദര്‍ശിച്ച ജയില്‍ വകുപ്പ് മേധാവി ആര്‍. ശ്രീലേഖ പറഞ്ഞിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടൊപ്പം തടവുകാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഇവിടെയുണ്ടാവും. സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരെ മാത്രം പാര്‍പ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണു ജയിലില്ലാത്ത എല്ലാ താലൂക്കുകളിലും പുതിയ ജയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ സമര്‍പ്പിച്ച 18.56 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണു ജയില്‍ വകുപ്പ്. ഏറ്റെടുത്ത സ്ഥലത്ത് ജയില്‍ വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അതിക്രമിച്ചു കടക്കുന്നതു ശിക്ഷാര്‍ഹമാണെന്നു മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇതിനു സമീപത്തു തന്നെയുളള ആര്‍ടിഒ ടെസ്റ്റിംഗ് ഗ്രൗണ്ട് നവീകരണം നടക്കുന്നതിനാല്‍ താത്കാലികമായി വാഹനങ്ങളുടെ പരിശോധന ജയില്‍ വകുപ്പിന്റെ സ്ഥലത്താണു നടക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.