കോടികള്‍ ചെലവഴിച്ച് സംസ്ഥാന പാതയുടെ പുനര്‍നിര്‍മ്മാണം; പ്രഹസനമാകുമെന്ന് ആശങ്ക
തളിപ്പറമ്പ്: കോടികള്‍ ചെലവിട്ടുള്ള സംസ്ഥാന പാതയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാക്കാന്‍ ശ്രമം. തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയാണ് 35 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഏറെ വളവുകളും കയറ്റങ്ങളും ഉള്ള പാത അതേപടി നിലനിര്‍ത്തിയാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്.
10 വര്‍ഷം മുമ്പ് 13.83 കോടി രൂപയില്‍ കെഎസ്ടിപി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച ഈ റോഡ് കൃത്യമായ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ തകര്‍ച്ചയിലായിരിക്കുകയാണ്. മലയോര കുടിയേറ്റ മേഖലകളുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഈ റോഡിലൂടെ നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.
പുനര്‍നിര്‍മ്മാണത്തിന് ശേഷം ചെങ്ങളായി, ശ്രീകണ്ഠപുരം, പരിപ്പായി, തന്തോട് എന്നിവിടങ്ങളില്‍ റോഡ് ഉയര്‍ത്താനും ഇരിക്കൂര്‍ നിലാമുറ്റം പാലത്തിന്റെ നിര്‍മ്മാണത്തിനുമായി 17 കോടി രൂപ പിന്നീട് ചെലവഴിച്ചിരുന്നു. കൊടും വളവുകളും കയറ്റവും നിറഞ്ഞ റോഡിന് വീതി കുറവായതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. റോഡില്‍ ഓവുചാലുകളില്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്ന സ്ഥിതിയും ഉണ്ട്. റോഡ് വീതികൂട്ടിയും വളവുകള്‍ പരമാവധി ഒഴിവാക്കിയും പുനര്‍നിര്‍മ്മിക്കാനായിരുന്നു ആദ്യനിര്‍ദ്ദേശം. ഇതിനായി ചിലയിടങ്ങളില്‍ സ്ഥലമേറ്റെടുക്കേണ്ടിയും വരും. എന്നാല്‍ സ്ഥലം ഏറ്റെടുക്കാതെ നിലവിലുളള റോഡ് മെക്കാഡം ടാറിങ്ങ് നടത്താനാണ് തീരുമാനം. ചില സ്ഥലങ്ങളില്‍ നടപ്പാതകളും ഓവുചാലുകളും നിര്‍മ്മിക്കുന്നുണ്ട്.
എന്നാല്‍ 46 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയിലെ ചെറിയ ദൂരം മാത്രമാണ് ഭരണകക്ഷി എംഎല്‍എമാരുടെ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നത്. ഇരിക്കൂര്‍, മണ്ണൂര്‍ പാലം മുതല്‍ കുറുമാത്തൂര്‍ വരെയുള്ള ഭാഗം ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ റോഡിന് കൂടുതല്‍ തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര ഫണ്ടിന്റെ അവകാശവാദങ്ങളുമായി ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം തളിപ്പറമ്പില്‍ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചുകഴിഞ്ഞു.