സ്‌പോര്‍ട്ടിംഗ് ക്ലബ് സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം 19 ന് രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വ്യവസായികളും കളത്തിലിറങ്ങും

Monday 14 January 2019 4:41 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മാച്ച് സംഘടിപ്പിക്കുന്നത്. കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മാച്ചില്‍ കണ്ണൂരില്‍ നിന്നുളള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അണിനിരക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ കളത്തിലിറങ്ങും.

19ന് വൈകീട്ട് 3.30നാണ് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വണ്‍ഡെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുക. രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വ്യവസായികളും രണ്ട് ടീമുകളിലായി അണിനിരന്നാണ് മത്സരം. 

രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും അടങ്ങുന്നതാണ് ഒരുടീം. ഈ ടീമിനെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നയിക്കും. ടി.വി.രാജേഷ് എംഎല്‍എയാണ് വൈസ് ക്യാപ്റ്റന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന സിക്രട്ടറി കെ.പി.അരുണ്‍, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ബിജു കണ്ടക്കൈ, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെഎസ്‌യു സംസ്ഥാന വൈസ്പ്രസിഡന്റ് വി.പി.അബ്ദുള്‍ റഷീദ് എന്നിവരാണ് കളത്തിലിറങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍. കൂടെ പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി തുടങ്ങിയവരും ജേഴ്‌സി അണിയും.

ഉദ്യോഗസ്ഥ, വ്യാപാരി, വ്യവസായ ടീമിന്റെ ക്യാപ്റ്റന്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ ആണ്. ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി വൈസ് ക്യാപ്റ്റനാകും. ജില്ലാപോലീസ് മേധാവി ജി.ശിവവിക്രം, സബ്കലക്ടര്‍ കെ.ആസിഫ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, എഡിഎം മുഹമ്മദ് യൂസഫ്, ആര്‍ടിഒ എം.മനോഹരന്‍, കോര്‍പറേഷന്‍ സിക്രട്ടറി പി.രാധാകൃഷ്ണന്‍, വ്യവസായികളായ കെ.വിനോദ് നാരായണന്‍, ബി.മഹേഷ്ചന്ദ്രബാലിഗ, സി.വി.ദീപക്, സഞ്ജയ് ആറാട്ട് പൂവാടന്‍, ഹനീഷ്.കെവാണിയന്‍കണ്ടി, പി.പി.ഷമീം, എ.കെ.മുഹമ്മദലി, റഫീക്ക്, പി.കെ.മെഹബൂബ് എന്നിവര്‍ ടീമിനായി രംഗത്തിറങ്ങും.

മുന്‍ എംപിയും സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്‍ കളിയുടെ തല്‍സമയ വിവരണം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി.ദിവ്യയാണ് അമ്പയര്‍. കളിക്കാര്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എംഡി വി.തുളസിദാസ് ആശംസകള്‍ നേരും. പി.കെ.ശ്രീമതി എംപി മത്സരം ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍, പി.കെ.കൃഷ്ണദാസ് എന്നിവരും മുഖ്യാതിഥികളാകും. ക്ലബ് പ്രസിഡന്റ് പി.ഷാഹിന്‍, ഹോണററി സിക്രട്ടറി മുഹമ്മദ് അസാഹിദ്, ട്രഷറര്‍ രജിത് രാജരത്‌നം എന്നിവരാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് തുടര്‍ച്ചയായി അഞ്ചാംവര്‍ഷം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.