പ്രീതി നടേശന് അധിക്ഷേപം ;ദേശീയ വനിതാ കമ്മീഷന് പരാതി

Monday 14 January 2019 6:31 pm IST

ന്യൂദല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശനെ ഫേസ്ബുക്കിലൂടെ ലൈംഗികമായി അധിക്ഷേപിച്ച മലയാള മനോരമയിലെ സീനിയര്‍ സബ് എഡിറ്റര്‍ ബോബി അബ്രഹാമിനെതിരെ ദേശീയ വനിതാ കമ്മീഷനില്‍ പരാതി.

ബോബിക്കും മനോരമക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനാണ് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മക്ക് പരാതി നല്‍കിയത്.  

ഏറ്റവും മോശം ഭാഷയിലാണ് സ്ത്രീകളെയാകെ അപമാനിക്കുന്ന പരാമര്‍ശം ബോബി നടത്തിയത്. നടപടിയെടുക്കാതെ മനോരമയും പോലീസും  ഇയാളെ സംരക്ഷിക്കുകയാണ്. പരാതിയില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സര്‍ക്കാര്‍ ഒത്താശയോടെ നടന്ന ആചാരലംഘനത്തിനെതിരെ പ്രീതി നടേശന്‍ രംഗത്തുവന്നിരുന്നു. നവോത്ഥാനമെന്ന പേരില്‍ പിണറായി തങ്ങളെ വഞ്ചിച്ചുവെന്ന് അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. 

ഇതിന് പിന്നാലെയാണ് പ്രീതിയെ അധിക്ഷേപിച്ച് ബോബി പോസ്റ്റിട്ടത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ലുജെ) പത്തനംതിട്ട പ്രസിഡണ്ടുമാണ് ബോബി. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംഘടനയും തയ്യാറായിട്ടില്ല.

വിവാദമുയര്‍ന്നതിന് പിന്നാലെ ബോബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായി. ബോബിക്കെതിരെ മന്നം യുവജനവേദി അധ്യക്ഷന്‍ കെ വി ഹരിദാസ് നേരത്തെ  പരാതി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.