കേരള നവോത്ഥാനം; ഭാസ്‌കര്‍റാവുവും മാധവ്ജിയും

Tuesday 15 January 2019 3:38 am IST
ഭാസ്‌കര്‍റാവു സ്മൃതിദിനമായിരുന്നു ജനുവരി 12

കേരളത്തില്‍ ശ്രീനാരായണഗുരു നേതൃത്വം നല്‍കിയ നവോത്ഥാനപ്രവര്‍ത്തനം അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. അത് സമൂഹത്തില്‍ തുല്യത ഉറപ്പുവരുത്തുന്നതും സാമൂഹ്യ-സാമ്പത്തിക മാനങ്ങള്‍ ഉള്ളതുമായിരുന്നു. കേരളത്തിലെ ഹിന്ദുക്കള്‍ ഗുരുദേവന്റെ കാലത്തുതന്നെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കമായിരുന്നു.

ജാതിവിവേചനത്തിലെ ക്രൂരതകളില്‍ സഹികെട്ടും അത്  മറ്റ് മതങ്ങള്‍ മുതലെടുത്തും വലിയ തോതില്‍ മതപരിവര്‍ത്തനം നടന്നു. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ഗുരുദേവന്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതോടൊപ്പം വിദ്യാഭ്യാസ-സാമ്പത്തിക രംഗങ്ങളിലും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി. ഹിന്ദുക്കളില്‍ ജാതിവിവേചനം ഇല്ലാതാക്കുക, ഹിന്ദുക്കള്‍ മതംമാറി പോകുന്നത് തടയുക, ഹിന്ദുക്കള്‍ ജാതിക്കുപരിയായി സംഘടിക്കുക, ഹിന്ദുക്കള്‍ വിദ്യാഭ്യാസ -സാമ്പത്തിക മേഖലകളില്‍ മുന്നേറുക എന്നിവയായിരുന്നു നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുഖ്യലക്ഷ്യങ്ങള്‍. 

ഗുരുദേവന്‍ ഇതിന് കണ്ടമാര്‍ഗം പിന്നാക്കജനവിഭാഗങ്ങളില്‍ മതപരമായ ഉണര്‍വ് ഉണ്ടാക്കുക എന്നതാണ്. ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലാതിരുന്ന അവര്‍ക്കുവേണ്ടി  ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ഇതുവഴി മതംമാറ്റം തടയാന്‍ ഒരു  പരിധിവരെ കഴിഞ്ഞു. ഹിന്ദുപിന്നാക്ക വിഭാഗ ജനത മതംമാറുന്നതിനു ഗുരുദേവന്‍ എതിരല്ലായിരുന്നുവെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍. പിന്നാക്ക ജനവിഭാഗങ്ങളില്‍ മതനിഷ്ഠ-ഹിന്ദുനിഷ്ഠ -നിലനിര്‍ത്താന്‍ ഗുരുദേവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വിദ്യാഭ്യാസ-സാമ്പത്തിക രംഗത്ത് ഹിന്ദുക്കളുടെ നില ദയനീയമാണെന്നു ഗുരുദേവന്‍ മനസ്സിലാക്കി. സാമ്പത്തിക ഉന്നതിയിലൂടെ മാത്രമേ സമൂഹത്തില്‍ മേല്‍ക്കോയ്മ ഉണ്ടാകൂ. വ്യാപാര-വാണിജ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ചുവടുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞു. 

എന്നാല്‍ സമഗ്രമായ ഈ ശ്രമം ഇടയ്ക്കുവച്ചു ഹൈജാക്ക് ചെയ്യപ്പെട്ടു. ഹിന്ദുമതത്തെ പരിഷ്‌ക്കരിക്കാനാണ് ഗുരുദേവനടക്കമുള്ളവര്‍ ശ്രമിച്ചത്. എന്നാല്‍ കേരളത്തിലെ സാമൂഹ്യനവീകരണപ്രസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകാര്‍ അവയെ ഹിന്ദുവിരുദ്ധ പ്രസ്ഥാനങ്ങളാക്കി. അതോടെ വിദ്യാഭ്യാസ-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും, അധികാരരാഷ്ട്രീയം രംഗം കയ്യടക്കുകയും ചെയ്തു. അതിനുശേഷം ഹിന്ദു എന്നത് വര്‍ഗീയമായി. ഹിന്ദു ഐക്യം ന്യൂനപക്ഷവിരുദ്ധമെന്നും പ്രചാരണം നടന്നു. ഫലത്തില്‍ നവോത്ഥാനം എന്ത് ലക്ഷ്യം വച്ചുവോ അതിനു വിരുദ്ധമായി പില്‍ക്കാല സംഭവങ്ങള്‍.

ഇക്കാലത്താണ് ആര്‍എസ്എസ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഹിന്ദുക്കള്‍ക്കിടയിലെ അനാചാരങ്ങള്‍ നീക്കം ചെയ്യുക, സംഘടിത ഹിന്ദു സമൂഹം സൃഷ്ടിക്കുക, ഹിന്ദു ആചാരങ്ങള്‍ നവീകരിക്കുക, ക്ഷേത്രങ്ങള്‍ ഉദ്ധരിക്കുക, മുസ്ലിം-ക്രിസ്ത്യന്‍ ചൂഷണത്തില്‍ നിന്നും അധിക്ഷേപത്തില്‍ നിന്നും എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും രക്ഷനല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ സംഘപ്രവര്‍ത്തനത്തിന്റെ ഊന്നലുകളായി. ഇതിനായി ചെറുത്തുനില്‍പ്പ്, പരിഷ്‌കരണം, നിര്‍മാണം എന്നിങ്ങനെ മൂന്നു തത്ത്വങ്ങളില്‍ കേന്ദ്രീകരിച്ചു സംഘം പ്രവര്‍ത്തിച്ചു. ഇതിനു നേതൃത്വവും നല്‍കിയ രണ്ടു മഹാപുരുഷന്മാരാണ് ഭാസ്‌കര്‍റാവുവും മാധവ്ജിയും.

മുംബൈയില്‍നിന്ന് എത്തിയ ഭാസ്‌കര്‍റാവു നിയമബിരുദധാരിയായിരുന്നു മാധവ്ജി (പി. മാധവന്‍) കോഴിക്കോട്ടുകാരനായിരുന്നു. രസതന്ത്രത്തില്‍ ബിരുദധാരിയായ അദ്ദേഹം സാമൂഹ്യശാസ്ത്രം, സാഹിത്യം, ജ്യോതിഷം, ചരിത്രം, ഭാരതീയ ദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം പണ്ഡിതനായിരുന്നു. മുംബൈയില്‍നിന്നെത്തിയ ഭാസ്‌കര്‍റാവു കേരള മനസ്സുമായി ഇഴുകിച്ചേര്‍ന്നു. വാക്കിലും നോക്കിലും വസ്ത്രത്തിലും ഭാഷയിലും അദ്ദേഹം പൂര്‍ണമായും കേരളീയനായി.

കേരളത്തിന്റെ ഉള്‍പ്രദേശങ്ങളില്‍വരെ സഞ്ചരിച്ചു വിശാലമായ ഹിന്ദുസംഘടന കെട്ടിപ്പടുത്തു. സംഘപ്രവര്‍ത്തനം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ ഹിന്ദുസമൂഹം ജാതികളായി ഭിന്നിച്ചു നില്‍ക്കുന്നതിനാല്‍ ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗങ്ങളും ദുര്‍ബലമായി. എന്നാല്‍ ഹിന്ദു എന്ന  നിലയില്‍ വളര്‍ന്നുവന്ന ശക്തി ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ വിജയിച്ചു. ഹിന്ദു ചെറുത്തുനില്‍പ്പ് തളി, നിലയ്ക്കല്‍ സമരങ്ങളില്‍ വ്യക്തമായി. 

തന്ത്രശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന മാധവ്ജിയുടെ  പരിശ്രമഫലമായി സുപ്രസിദ്ധ പാലിയം വിളംബരം നിലവില്‍വന്നു. ഇത് ജാതിവ്യത്യാസമെന്യേ എല്ലാ ഹൈന്ദവര്‍ക്കും പൂജാധികാരം അനുവദിച്ചു. യാഥാസ്ഥിതിക ബ്രാഹ്മണ തന്ത്രിമാര്‍ മാധവ്ജിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. ക്ഷേത്രപ്രവേശനവിളംബരം പിന്നാക്ക ജനതയ്ക്ക് ക്ഷേത്രത്തിന്റെ നാലുകെട്ടിനകത്ത് ശ്രീകോവിലിനു പുറത്തുനിന്ന് ആരാധനയ്ക്കുള്ള അവകാശം കൊടുത്തു. പാലിയം വിളംബരം പിന്നാക്കകാര്‍ക്ക് ശ്രീകോവിലിനകത്തു കയറാന്‍ അവകാശം നല്‍കി. ഗുരുദേവന്‍ ബാക്കിവച്ച പ്രവര്‍ത്തനം ആര്‍എസ്എസ്സും മാധവ്ജിയും പൂര്‍ത്തീകരിക്കുകയാണുണ്ടായത്.

ഹിന്ദു വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ തുടങ്ങി അനേകം സ്ഥാപനങ്ങള്‍ ഉണ്ടായി. വനവാസികള്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍വരെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും താങ്ങും തണലുമായി ആര്‍എസ്എസ് നിലകൊണ്ടു. 

കേരള സാമൂഹ്യനവോത്ഥാന ചരിത്രത്തില്‍ മറക്കാനാവാത്ത സ്ഥാനം ഭാസ്‌കര്‍റാവുവിനും മാധവ്ജിക്കുമുണ്ട്. അവര്‍ രണ്ട് ശരീരങ്ങളായിരുന്നുവെങ്കിലും ഒരൊറ്റ മനസ്സായിരുന്നു. ആ മനസ്സാകട്ടെ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയര്‍ച്ച മാത്രമാണ് ലക്ഷ്യം വച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.