അധ്യാപക ബാങ്കിന് വെളിയില്‍നിന്ന് നിയമിക്കപ്പെട്ടവര്‍ പുറത്താകും

Tuesday 15 January 2019 7:00 am IST

കോട്ടയം: ന്യൂനപക്ഷേതര എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക ബാങ്കിന് വെളിയില്‍ നിന്ന് മാനേജ്‌മെന്റുകള്‍ നിയമിച്ച അധ്യാപകരെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് ന്യൂനപക്ഷേതര മാനേജുമെന്റുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കെഇആര്‍ ചട്ടം ലംഘിച്ച് ഈ സ്‌കൂളുകളില്‍ മാനേജുമെന്റുകള്‍ നിയമനം നടത്തിയെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. 

അധ്യാപകരെ കൂടാതെ അനധ്യാപകരെയും നിയമിച്ചതായും ഇവരുടെയും സേവനം ഈ മാസത്തോടെ അവസാനിപ്പിക്കാനുമാണ് നിര്‍ദേശം. അധ്യയനവര്‍ഷം അവസാനിക്കാറായപ്പോഴും പരീക്ഷ അടുത്തു വന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നിര്‍ദേശം എയ്ഡഡ് മേഖലയില്‍ പുതിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ പിരിച്ചുവിടല്‍ ഭീഷണിയില്‍ നില്‍ക്കുന്ന ജീവനക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 

കെഇആറിലെ ഭേദഗതിപ്രകാരം ഉണ്ടാകുന്ന ആദ്യ ഒഴിവില്‍ ബാങ്കില്‍ നിന്നായിരിക്കും നിയമനം നടത്തേണ്ടത്. ജില്ലാതലത്തില്‍ തയാറാക്കിയ ബാങ്കില്‍ നിന്നാണ് നിയമനം. യോഗ്യരായ അധ്യാപകര്‍ ഇല്ലെങ്കില്‍ മറ്റു ജില്ലകളിലെ ബാങ്കില്‍ നിന്ന് നിയമനം നടത്തണം. രണ്ടാമത്തെ തസ്തികയില്‍ മാനേജുമെന്റിന് നിയമിക്കാം. നൂറ് കുട്ടികളില്‍ കൂടുതലുള്ള യുപി, 150 കുട്ടികളില്‍ കൂടുതലുളള എല്‍പി സ്‌കൂളുകളില്‍ ഹെഡ് മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലും അധ്യാപക ബാങ്കില്‍ നിന്നേ നിയമനം നടത്താവൂ എന്നായിരുന്നു നിര്‍ദേശം. 

അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാലയളവിലേക്കുള്ള നിയമനവും ബാങ്കില്‍ നിന്നാണ്. സംസ്ഥാനത്താകെ 4500 അധ്യാപകര്‍ സംരക്ഷിത വിഭാഗത്തില്‍ ഉണ്ടെന്നാണ് കണക്ക്.

കെഇആര്‍ ഭേദഗതി മറച്ചുവെച്ച് ചില മാനേജുമെന്റുകള്‍ നിയമനം നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ സ്വാധീനിച്ച് ഇവരുടെ നിയമനത്തിന് അംഗീകാരവും നേടി. നിയമനത്തിന് ലക്ഷങ്ങള്‍ മാനേജുമെന്റുകള്‍ കോഴപറ്റുകയും ചെയ്തു. സിംഗിള്‍ മാനേജുമെന്റ് സ്‌കൂളുകളിലാണ് കൂടുതല്‍ ഇത്തരത്തില്‍ നിയമനം നടത്തിയത്. നിയമനത്തിനായി ലക്ഷങ്ങള്‍ നല്‍കിയവര്‍ സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വെട്ടിലായി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.