ജ്ഞാനപ്പാനയിലെ മകരജ്യോതി

Wednesday 16 January 2019 3:09 am IST

ഇരുട്ടിനുനേരെ പരക്കുന്ന പ്രകാശത്തിന്റെ സ്രോതസ്സായിരുന്നു നാടെങ്ങും തെളിഞ്ഞ മകരജ്യോതികള്‍. അതിന് ഇതുവരെ കാണാത്ത അര്‍ഥതലങ്ങളുണ്ടായിരുന്നു. മനസ്സിലെ നന്മയുടെ കൈത്തിരി കെടാത്തവര്‍ക്കത് മനസ്സിലാകും. 

ഭക്തകവി പൂന്താനം മരിച്ചിട്ടും ജ്ഞാപ്പാന ജീവിക്കുന്നത് അതില്‍ നിറഞ്ഞ പ്രകാശം ജനമനസ്സുകളിലും നിറയുന്നതുകൊണ്ടാണ്. അതിലെ ദീര്‍ഘവീക്ഷണം തലമുറകള്‍ കടന്ന് ഇന്നും നമുക്കുമുന്നില്‍ നില്‍ക്കുന്നു. കവി അന്നേ പറഞ്ഞിരുന്നു 'യുഗം നാലിലും നല്ലൂ കലിയുഗം' എന്ന്. യുഗങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതു കലിയുഗമത്രെ. പ്രപഞ്ചത്തിന്റെ സര്‍വ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് നാമജപം. കലിയുഗത്തില്‍ ജപത്തിനാണ് പ്രാധാന്യം. അത് ജീവിതചര്യയുടെ ഭാഗമാണ്. ആ ഭാഗ്യം നമുക്കു നിയോഗം പോലെ വന്നുചേര്‍ന്നു. ജപം ആര്‍ക്കെങ്കിലും സമനില നഷ്ടപ്പെടുന്നതു കാര്യമാക്കാനില്ല. ചിലരങ്ങനെയാണ്. നല്ലതുകണ്ടാലും കേട്ടാലും അസ്വസ്ഥരാകും. നന്‍മതിന്മകളെ തിരിച്ചറിയാന്‍ അവര്‍ക്കാവില്ല.  

'കണ്ടാലൊട്ടറിയുന്നു ചിലരിതു

കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ'

ഇത്തരക്കാര്‍ക്കു കണ്ടാലല്ല കൊണ്ടാലും മനസ്സിലാകില്ല. പാപം ചെയ്തവരെ ഈശ്വരന്‍ പുനര്‍ജ്ജന്മത്തില്‍ അരസികന്‍മാരായി സൃഷ്ടിക്കുമെന്നു പറയാറുണ്ട്. നല്ലതൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം അവര്‍ക്കുണ്ടാവില്ല. സുഗന്ധം, സംഗീതം, ഭക്തി ഒന്നും അവരെ തൊടില്ല. നാമജപം കേട്ടാല്‍ അവര്‍ക്കതു പുലഭ്യമാണെന്നു തോന്നും. സജ്ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി അടങ്ങാത്ത പകയുമായി അശ്വത്ഥമാവിനെ പോലെ അവര്‍ അലഞ്ഞുനടക്കും. അത്തരം കുറേയേറെ ജന്മങ്ങളുണ്ട് ഇന്നു കേരളത്തില്‍. 

അവര്‍ക്കറിയില്ല ഒരു ശബരിമലയാത്രയുടെ അനുഭൂതിയെന്തെന്ന്. മനുഷ്യ മനസ്സുകള്‍ നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച പുണ്യമാണത്. മലയാത്ര അനുഭവമല്ല, അനുഭൂതിയാണ്. അതൊന്നുമറിയാത്തവര്‍ ഭക്തരേയും സജ്ജനങ്ങളേയും ഭല്‍സിക്കും. പുലഭ്യം പറയും. 

'വന്ദനീയരെ കാണുന്ന നേരത്ത്

നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍' 

അത്തരം പ്രവര്‍ത്തിക്ക് ഇന്ന് ഏറ്റവും 'യോഗ്യത' നേടിയിരിക്കുന്നതു നമ്മുടെ മന്ത്രിമാര്‍ തന്നെയാണല്ലോ. പുലഭ്യ സാഹിത്യത്തിന് ഒരു വകുപ്പു തുടങ്ങിയാല്‍ അതു ഭരിക്കാനുള്ള മന്ത്രിസ്ഥാനത്തിനു നല്ല തള്ളലായിരിക്കുമിവിടെ. നിലവിലെ മന്ത്രി സഭയില്‍ത്തന്നെയുണ്ട് യോഗ്യരായ മൂന്നുനാലുപേര്‍. 

ഒന്ന് ചിന്തിച്ചാല്‍ മുഖ്യമന്ത്രിക്കു ഒരു നോട്ടപ്പിശക് പറ്റിയില്ലേ? ശബരിമലയില്‍ ഇത്രമാത്രം പോലീസിനെ നിയോഗിക്കുന്നതിനു പകരം ഇത്തരം മൂന്നുനാലു മന്ത്രിമാരെ വിന്യസിച്ചാല്‍ മതിയായിരുന്നു. ഇവര്‍ വായ് തുറന്നാല്‍പ്പിന്നെ സാമാന്യബോധമുള്ളവരാരും അങ്ങോട്ടടുക്കില്ല. പിന്നെ, തന്ത്രിക്കു പണി കൂടും. ദിവസും മൂന്ന് തവണയും ശുദ്ധിക്രിയ വേണ്ടിവരും. തന്ത്രിയേക്കുറിച്ച് ഒരു മന്ത്രി പുംഗവന്‍ പറഞ്ഞത്, അദ്ദേഹത്തിനില്ലാത്ത സാമാന്യബോധം നമുക്കുള്ളതു കൊണ്ട് ഇവിടെ കുറിക്കാന്‍ വയ്യ. പമ്പയിലെ ആരുടെയോ ചൈതന്യം പോലും തന്ത്രിക്കില്ലെന്ന് പറഞ്ഞ മന്ത്രി അറിയുന്നില്ല അപ്പറഞ്ഞ ജീവിയുമായി തനിക്കുള്ള ആത്മബന്ധം. താനിരിക്കുന്നത് എവിടെയാണെന്നോ ആ ഇരിപ്പിടത്തിന്റെ മഹത്വമെന്തെന്നോ അറിയാത്ത ഇത്തരക്കാരെപ്പറ്റി ഭക്തകവി നേരത്തേ പറഞ്ഞിരുന്നു:

'കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം 

ചുമക്കും പോലെ ഗര്‍ദ്ദഭം'

മന്ത്രിയാകാന്‍ വിവരം വേണമെന്നില്ലെന്ന് ഇവരൊക്കെക്കൂടി തീരുമാനിച്ചുകഴിഞ്ഞു. എന്നാലും സാംസ്‌കാരിക നായകന്‍മാരാകാന്‍ മാനം മര്യാദയായി സംസാരിക്കാനുള്ള കഴിവെങ്കിലും വേണമെന്നാണു ധരിച്ചിരുന്നത്. അതും വേണ്ടെന്ന്, അത്തരം നായകരായി സ്വയം അവരോധിച്ച ചിലര്‍ കണ്ടുപിടിച്ചിരിക്കുന്നു. വിവരക്കേടാണ് അതിന് ഏറ്റവും വലിയ യോഗ്യതയായി അവര്‍ നിശ്ചയിച്ചിരിക്കുന്നത്. മിക്കവരും അദ്ധ്യാപകരും പ്രൊഫസര്‍മാരും സാഹിത്യകാരന്‍മാരുമൊക്കെയാണ്. വിവരക്കേടേ പറയൂ. കേള്‍ക്കാനുള്ളവരെ അവര്‍ തന്നെ സംഘടിപ്പിച്ചുകൊള്ളും. അതുകൊണ്ട് അവിടെവരെ കാര്യങ്ങള്‍ക്കു കുഴപ്പമില്ല. പക്ഷേ, ആ മാലിന്യം മുഴുവന്‍ അച്ചടിമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വാരി വിതറും. എല്ലാമൊന്നു തളിച്ചു വൃത്തിയാക്കണമെങ്കില്‍ അതിനുമാത്രമുള്ള ചാണകം നാട്ടില്‍ കിട്ടാനുണ്ടെന്നു തോന്നുന്നില്ല. ലോഡ് കണക്കിന് ചാണകം മറുനാട്ടില്‍ നിന്നു കൊണ്ടുവരേണ്ടിവരും. 

വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു 

നടിക്കുന്നിതു ചിലര്‍

അധികാര കസേരകളിലെ ഇരിപ്പ് എക്കാലത്തേയ്ക്കുമുള്ളതല്ലെന്ന കാര്യം മന്ത്രിമാരില്‍ പലരും മറന്നപോലെ തോന്നുന്നു. കിരീടധാരണം കഴിഞ്ഞിട്ടു വര്‍ഷം രണ്ടര കടന്നു പോയി. ഇനി ഏറിയാല്‍ രണ്ടരവര്‍ഷം കൂടിമാത്രം. പിന്നെ വീണ്ടും ഇതേ ജനത്തിനടുത്തേയ്ക്കു തന്നെ ചെന്നു കൈനീട്ടണം. ഓഖിയും പ്രളയവും ഒക്കെ കടന്നു പോയതുകൊണ്ടു കൈനീട്ടി യാചിക്കാന്‍ നല്ല പരിശീലനം കിട്ടിയിട്ടുണ്ടല്ലോ. പക്ഷേ, ബക്കറ്റ് പിരിവുപോലെയല്ല വോട്ടു യാചിക്കല്‍. പലതിനും മറുപടിപറയേണ്ടിവരും. അരുതുകളിലേയ്ക്ക് എടുത്തു ചാടുമ്പോള്‍ അതുകൂടി മനസ്സില്‍ വയ്ക്കാന്‍ ആരെങ്കിലും പറഞ്ഞുകൊടുത്താല്‍ നന്ന്. ഭരണത്തുടര്‍ച്ച ഉറപ്പ് എന്നു രാജാവും സാമന്തന്‍മാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്വപ്‌നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, മോഹങ്ങളെല്ലാം യാഥാര്‍ഥ്യമാകണമെന്നില്ലല്ലോ. 

'എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും 

മണ്ടിമണ്ടി കരേറുന്നു മോഹവും' 

വാലറ്റം:

കര്‍മഫലം ആര്‍ക്കും അനുഭവിച്ചെ തീരൂ. അത് ലോക നിയമമാണ്. അനുഭവിക്കട്ടെ. 

'കൃപകൂടാതെ പീഡിപ്പിച്ചീടുന്ന

നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.